സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് വേണം; പ്രതിഷേധവുമായി അള്‍ജീരിയന്‍ വിദ്യാര്‍ത്ഥികള്‍

അള്‍ജിറസ്; അള്‍ജീരിയയില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥികളുടെ സമരം. ഇടക്കാല പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവര്‍ രാജി വയ്ക്കണമെന്നും തെരഞ്ഞെടുപ്പ് വേഗത്തിലാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആയിരത്തോളം വിദ്യാര്‍ഥികളാണ് പ്രതിഷേധത്തിനായി ഒത്ത് ചേര്‍ന്നത്.

അബ്ദല്‍ അസീസ് ബുത്ത്ഫിലിക്ക സ്ഥാനമൊഴിഞ്ഞതിന് ശേഷം അബ്ദല്‍ ഖാദര്‍ ബെന്‍ സലാഹിനെ ഇടക്കാല പ്രസിഡന്റായി പാര്‍ലമെന്റ് നിയമിക്കുകയായിരുന്നു. ബുത്ത്ഫിലിക്കയുടെ അനുയായിയായ ബെന്‍സലാഹിനെതിരെയും തുടക്കം മുതല്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നൂറുദ്ദീന്‍ ബെദോയിക്കെതിരെയും അമര്‍ഷമുയര്‍ന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ലിബിയന്‍ പതാകയുമേന്തി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. ജൂലൈ നാലിന് നിശ്ചയിച്ചിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നീളാനാണ് സാധ്യത. തെരഞ്ഞെടുപ്പ് വേഗത്തിലാക്കി പുതിയ നേതൃത്വം നിലവില്‍ വന്നാല്‍ മാത്രമേ രാജ്യത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകു എന്ന് സായുധ സേനാ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ അഹ്മദ് ഗായസ് സലാ പറഞ്ഞു.

Top