അലക്‌സി നവൽനിയുടെ ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്

മോസ്‌കോ: ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ആരോഗ്യനില വഷളാകുകയാണെന്ന് റിപ്പോർട്ട്.  മൂന്നാഴ്‌ചയായി തുടർച്ചയായ നിരാഹാര സമരത്തിലാണ് അലക്‌സി നവൽനി. രക്തത്തിലെ പൊട്ടാസ്യത്തിന്‍റെ അളവ് കൂടുതലാണെന്നും ഇത് ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നും ഫിസിഷ്യൻ യരോസ്ലാവ് ആഷിഖ്മിൻ പറഞ്ഞു. ഡോക്‌ടർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നവൽനിയുടെ വിഷയത്തിൽ ഉടനടി നടപടി സ്വീകരിക്കണമെന്നും അലയൻസ് ഓഫ് ഡോക്ടർമാരുടെ യൂണിയൻ മേധാവി അനസ്താസിയ വാസിലിയേവ ട്വിറ്ററിൽ കുറിച്ചു. ജയിലിൽ വച്ച് നവൽനിയെ ചികിത്സിക്കാൻ ഡോക്‌ടർന്മാരെ അനുവദിച്ചിരുന്നില്ല. ശക്തമായ നടുവേദനയെ അനുഭവപ്പെടുകയും എന്നാൽ സ്വകാര്യ ഡോക്‌ടർന്മാർക്ക് അനുമതി നൽകാതിരിക്കുന്നതിനെ തുടർന്ന് നവൽനി നിരാഹാര സമരത്തിലേക്ക് കടക്കുകയായിരുന്നു. അതേ സമയം നവൽനിക്ക് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് റഷ്യയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറി സർവീസ് അറിയിച്ചു.

ജനുവരി 17നാണ് ജർമനിയിൽ നിന്ന് മോസ്കോയിലെത്തിയ നവൽനിയെ ഷെറെമെറ്റീവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്‌തത്. അഞ്ച് മാസങ്ങൾക്ക് മുൻപാണ് നവൽനിയെ രാസായുധ ആക്രമണത്തിനു ശേഷം കോമയിലായ നിലയിൽ ജർമനിയിൽ എത്തിച്ചത്.

Top