അലക്‌സി നവൽനിയുടെ ആരോഗ്യനില മോശം; റഷ്യക്ക് മുന്നറിയിപ്പുമായി ബൈഡന്‍

മോസ്‌കോ: ജയിലിൽ നിരാഹാര സമരം തുടരുന്ന അലക്‌സി നവൽനിയുടെ ആരോഗ്യനില മോശമെന്ന് ഡോക്‌ടർമാർ വ്യക്തമാക്കിയതിന് പിന്നാലെ റഷ്യയ്‌ക്ക് മുന്നറിയിപ്പുമായി അമേരിക്ക. റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ വിമർശകനായ നവൽനിയുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് യുഎസ് രംഗത്തുവന്നത്.

അലക്‌സി നവൽനിയുടെ ആരോഗ്യനില മോശമായി തുടരുകയാണെന്ന് ഡോക്‌ടർമാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും റഷ്യൻ ഭരണകൂടം പ്രതികരിക്കാത്തതിനെ തുടർന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയത്. നവൽനി ജയിലിൽ മരിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പാണ് യുഎസ് നൽകിയത്. ജയിലിൽ കഴിയുന്ന അലക്‌സി നവൽനി മരിച്ചാൽ അന്താരാഷ്ട്ര സമൂഹത്തിന് ഉത്തരവാദിത്തമുണ്ടാകുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ഞായറാഴ്‌ച വ്യക്തമാക്കി.

അലക്‌സി നവൽനിയോടുള്ള റഷ്യൻ സർക്കാരിൻ്റെ സമീപനത്തിൽ യൂറോപ്യൻ യൂണിയനും ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളും ആശങ്ക പങ്കുവച്ചു. യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാർ തിങ്കളാഴ്‌ച സ്ഥിതിഗതികൾ ചർച്ച ചെയ്യുമെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ലെങ്കിലും രൂക്ഷമായ ഭാഷയിൽ ലണ്ടനിലെ റഷ്യൻ അംബാസഡർ ആൻഡ്രി കെലിൻ പ്രതികരിച്ചു.

Top