വിസാ ലംഘനം: ബ്രിട്ടീഷ് എം.പി ലോര്‍ഡ് അലക്‌സാണ്ടര്‍ കാര്‍ലിയെ മടക്കി അയച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ബ്രിട്ടീഷ് എം.പി ലോര്‍ഡ് അലക്‌സാണ്ടര്‍ കാര്‍ലിയെ ഇന്ത്യ മടക്കി അയച്ചു. സന്ദര്‍ശനത്തിന് അനുയോജ്യമല്ലാത്ത വിസ ഉപയോഗിച്ചെന്ന് കാണിച്ചാണ് കാര്‍ലിയെ തിരിച്ചയച്ചത്.ജയിലില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ അഭിഭാഷകനാണ് ലോര്‍ഡ് കാര്‍ലി.

ഖാലിദക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കാന്‍ വേണ്ടിയാണ് കാര്‍ലി ഇന്ത്യയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ വിസയില്‍ അത് വ്യക്തമാക്കിയിട്ടില്ലന്ന് കാണിച്ചാണ് തിരിച്ചയച്ചതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.ധാക്കയിലേക്ക് കടക്കാന്‍ തനിക്ക് അനുമതിയില്ലാത്തതു കൊണ്ടാണ് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട് കേസിനെ കുറിച്ച് വിശദീകരിക്കാന്‍ തീരുമാനിച്ചതെന്ന് എന്ന് കാര്‍ലി ബംഗ്ലാദേശ്പത്രം ധാക്ക ട്രൈബ്യുണലിനോട് വ്യക്തമാക്കി.

ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി നേതാവ് ഖാലിദ സിയക്കെതിരെ മൂന്ന് ഡസനിലേറെ ക്രിമിനല്‍ കേസുകളാണ് ചുമത്തിയിരിക്കുന്നത്.എന്നാല്‍ ഖാലിദയെയും കുടുംബത്തെയും രാഷ്ട്രീയത്തില്‍ നിന്ന് തുടച്ച് നീക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണ് കേസുകളെന്നാണ് പാര്‍ട്ടിയുടെ വാദം.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യ കേസില്‍ ഖാലിദയെ ശിക്ഷിച്ചത്. ഖാലിദ പ്രധാനമന്ത്രിയായിരുന്ന 2001-2006 സമയത്ത് അഗതി മന്ദിരത്തിന്റെ പേരില്‍ 2,53,000 ഡോളര്‍ വിദേശ സഹായം കിട്ടിയത് വകമാറ്റി ചിലവഴിച്ചാണ് കേസ്.കേസില്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന ഖാലിദിന് തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്നതിലും വിലക്ക് വന്നിരുന്നു.

Top