Alexander Jacob -Solar commission-T.P Senkumar-Saritha

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത.എസ്.നായരെ പത്തനംതിട്ട ജയിലില്‍ നിന്ന് അട്ടക്കുളങ്ങര വനിത ജയിലിലേയ്ക്ക് മാറ്റിയത് അന്ന് ഇന്റലിജന്‍സ് എഡിജിപി ആയിരുന്ന ടി.പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട് പ്രകാരമെന്ന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്.

പത്തനംതിട്ട ജയിലില്‍ സരിത സുരക്ഷിതയല്ലെന്നായിരുന്നു സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. സോളാര്‍ കമ്മീഷന് മുന്നിലാണ് അലക്‌സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍.

സരിതയെ അട്ടക്കുളങ്ങര ജയിലിലേക്കു മാറ്റിയ 2013 ജൂലൈ 23ന് സരിതയെ കാണണമെന്നാവശ്യപ്പെട്ട് ഒരു ജീപ്പില്‍ ഏതാനും പേര്‍ ജയിലിനു മുന്‍പിലെത്തി. ഇവരുടെ ജീപ്പില്‍ തോക്ക് ഉണ്ടായിരുന്നെന്നു ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വാര്‍ഡര്‍ തന്നെ ഫോണില്‍ അറിയിച്ചു. താന്‍ ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. എന്നാല്‍, വാര്‍ഡര്‍ ഫോണ്‍ ചെയ്യുന്നതു കേട്ട സംഘം ജീപ്പില്‍ കടന്നു കളഞ്ഞെന്നും അലക്‌സാണ്ടര്‍ ജേക്കബ് സോളര്‍ അന്വേഷണ കമ്മിഷനു മുന്നില്‍ പറഞ്ഞു.

സരിതയെ അട്ടക്കുളങ്ങരയ്ക്കു മാറ്റിയ ദിവസം അവരെ കാണാനായി 150 പേര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുണ്ട്. അവരുടെ പേര് കേട്ടാല്‍ കമ്മിഷന്‍ വിരണ്ടുപോകുമെന്ന് അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

സരിത പത്തനംതിട്ട ജയിലില്‍ കിടക്കവേ, പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍നിന്നു തിരിച്ചു ജയിലില്‍ എത്തിച്ചപ്പോള്‍ ദേഹപരിശോധനയില്‍ 21 കടലാസുകളുടെ രണ്ടു പുറവും എഴുതിയ കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതു താന്‍ വായിച്ചിട്ടില്ലെങ്കിലും ജയില്‍ അധികൃതര്‍ പറഞ്ഞ് അതിന്റെ ഉള്ളടക്കം തനിക്കറിയാം.

ഈ കത്ത് പിന്നീട് നാലു പേജുള്ള കത്തായി മാറുന്നതിനു തലേന്ന് അട്ടക്കുളങ്ങര ജയിലില്‍ സരിതയുടെ അമ്മയ്‌ക്കൊപ്പം ഒരാളെത്തിയത് ആള്‍മാറാട്ടം നടത്തിയാണ്. ഇതിനുശേഷമാണു സരിതയുടെ മനസ് മാറിയത്. സരിതയുടെ കുഞ്ഞമ്മയുടെ മകനാണ് എന്നു പറഞ്ഞാണു സരിതയെ വന്നു കണ്ടത്. കുഞ്ഞമ്മയുടെ മകന്‍ അല്ലെന്നു പിന്നീട് തനിക്ക് അന്വേഷണത്തില്‍ ബോധ്യമായി. എന്നാല്‍ അത് ആരായിരുന്നുവെന്ന് തനിക്ക് ഇപ്പോഴും അറിയില്ല.

അട്ടക്കുളങ്ങര, പൂജപ്പുര, നെട്ടുകാല്‍ത്തേരി ജയിലുകള്‍ സന്ദര്‍ശിക്കാന്‍ 2013 ജൂലൈ 28 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ വരുന്നതായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗം സിറിയക് ജോസഫ് തന്നെ അറിയിച്ചിരുന്നു. അറിയിപ്പ് ലഭിച്ചയുടന്‍ അദ്ദേഹത്തെ ഫോണ്‍ ചെയ്ത് ഒരു കാര്യം നേരില്‍ പറയാനുണ്ടെന്നും തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്നു സംശയമുള്ളതിനാല്‍ ഫോണ്‍ വഴി പറയുന്നില്ലെന്നും അറിയിച്ചു.

പിന്നീട് അദ്ദേഹം എത്തിയപ്പോള്‍, അട്ടക്കുളങ്ങര ജയിലില്‍ സരിതയുള്ളതിനാല്‍ അങ്ങോട്ടു വരുന്നതില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. വിവാദമുണ്ടാകാതിരിക്കാനായിരുന്നു ഇത്. ഇതുപ്രകാരം സിറിയക് ജോസഫും അട്ടക്കുളങ്ങര ജയില്‍ സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നുവെന്ന് അലക്‌സാണ്ടര്‍ ജേക്കബ് മൊഴി നല്‍കി.

Top