Alert in India after pathankott attack

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെയും റിപ്പബ്ലിക് ദിനാഘോഷങ്ങളുടെയും പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

യാത്രക്കാരുടെ ദേഹപരിശോധനയും ബാഗേജ് പരിശോധനയും രണ്ടു പ്രാവശ്യം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത,ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയ്ക്കു ശേഷമാണ് യാത്രക്കാരെ കയറ്റുന്നത്. ഷൂസുകള്‍ അഴിച്ചു മാറ്റാനും ബാഗേജുകള്‍ തുറന്നുകാണിക്കാനും യാത്രക്കാരോട് ആവശ്യപ്പെടുന്നുണ്ട്.

പഞ്ചാബിലെ ഗുരുദാസ്പൂരില്‍ വീണ്ടും സൈനികവേഷത്തില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ട് പേരെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പത്താന്‍കോട്ട് നിന്ന് 34 കിലോമീറ്റര്‍ അകലെ ടിബ്രി കരസേന സ്റ്റേഷന് സമീപത്താണ് സൈനിക വേഷം ധരിച്ച് രണ്ട് പേരെ ദുരൂഹസാഹചര്യത്തില്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ മേഖലയിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങള്‍ക്കും അതീവ സുരക്ഷ ഏര്‍പ്പെടുത്തി. ദുരൂഹ സാഹചര്യത്തില്‍ കണ്ടവരെ കസ്റ്റഡിയില്‍ എടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

അതിനിടെ കശ്മീരില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ജില്ലയിലെ മോമിനാബാദിലായിരുന്നു ആക്രമണം നടന്നത്. പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഫ്ഗാന്‍ തീവ്രവാദികള്‍ ശ്രീനഗര്‍ വ്യോമതാവളത്തിനു സമീപമെത്തിയെന്ന രഹസ്യാന്വേഷണ
വിഭാഗത്തിന്റെ മുന്നറിപ്പിനെത്തുടര്‍ന്ന് ശക്തമായ തിരച്ചിലാണ് നടന്നുവരുന്നത്. ശ്രീനഗര്‍ വിമാനത്താവളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top