മരണസംഖ്യ 1720; ഇതിലും വലുത് വരാന്‍ ഇരിക്കുന്നുവെന്ന് പ്രധാനമന്ത്രി!

കൊറോണാവൈറസ് ഇന്‍ഫെക്ഷനുകളുടെ പുതിയ തിര ആഞ്ഞുവീശുന്നതിന് മുന്‍പ് നേരിടാനുള്ള മുന്നൊരുക്കത്തിലാണ് സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡ്. പ്രതിസന്ധിയുടെ അടുത്ത ഘട്ടം രാജ്യത്തെ സംവിധാനങ്ങളെ പൊട്ടിത്തെറിയുടെ വക്കിലേക്ക് തള്ളിവിടുമെന്നാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വരുന്ന ആഴ്ചയില്‍ സ്‌പെയിനില്‍ മഹാമാരി കൊടുമുടി കയറുമെന്നാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് വ്യക്തമാക്കിയത്.

മുന്നിലുള്ള കൂടുതല്‍ കടുത്ത ദിനങ്ങളെ നേരിടാന്‍ തയ്യാറെടുക്കാനും പൗരന്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ‘ഇതിലും മോശമായത് ഇനി വരാനിരിക്കുന്നതേയുള്ളൂ. നമ്മള്‍ ഗുരുതരമായ നിമിഷങ്ങളിലാണ്. ഏറ്റവും ശക്തമായ, നാശം വിതയ്ക്കുന്ന തിര ഇനിയും നമുക്ക് ലഭിച്ചിട്ടില്ല. ആ തിര നമ്മുടെ പരിധികളും, സമൂഹമെന്ന നിലയില്‍ സത്തയും പരീക്ഷിക്കും’, പ്രധാനമന്ത്രി വ്യക്തമാക്കി.

394 പുതിയ മരണങ്ങളാണ് ആരോഗ്യ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 1720 ആയി ഉയര്‍ന്നു. 28,572 പേര്‍ക്കാണ് നിലവിലെ കണക്കുകള്‍ പ്രകാരം സ്ഥിരീകരിച്ച കേസുകള്‍. വരും ദിവസങ്ങളില്‍ ഇതും ഉയരുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. മാഡ്രിഡിന്റെ പ്രാന്തപ്രദേശത്തുള്ള ഐഫേമ എക്‌സിബിഷന്‍ കോംപ്ലക്‌സ് താല്‍ക്കാലിക ആശുപത്രിയാക്കി രോഗം സ്ഥിരീകരിക്കുന്നവരെ ഇവിടെ എത്തിക്കുകയാണ് അധികൃതര്‍.

5500 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. 500 അത്യാഹിത വിഭാഗങ്ങളും എക്‌സിബിഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കും. രാജ്യത്തിന്റെ തലസ്ഥാനത്ത് 9702 കേസുകളും, ചുരുങ്ങിയത് 1021 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1936-39 ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചെസ് ഓര്‍മ്മിപ്പിച്ചു.

Top