സര്‍ക്കാര്‍ നല്‍കുന്ന ബഹുമാനത്തെ അലന്‍സിയര്‍ വികലമായി ചിത്രീകരിക്കരുത്; സജി ചെറിയാന്‍

തിരുവനന്തപുരം: നടന്‍ അലന്‍സിയറിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ നല്‍കുന്ന ബഹുമാനത്തെ വികലമായി ചിത്രീകരിക്കരുതെന്നും അലന്‍സിയറിനുള്ള മറുപടി വേദിയില്‍ തന്നെ പറയണമെന്ന് കരുതിയതാണെന്നും അദ്ദേഹം. അലന്‍സിയര്‍ നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമാണ്. പ്രസ്താവന പിന്‍വലിച്ച് അലന്‍സിയര്‍ മാപ്പ് പറയണമെന്ന് സജി ചെറിയാന്‍ പറഞ്ഞു.

അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശം ആവര്‍ത്തിക്കുകയാണ് അലന്‍സിയര്‍. അവാര്‍ഡ് നല്‍കുന്നത് ലെസ്ബിയന്‍ പ്രതിമകളാണെന്ന് അലന്‍സിയര്‍ പറഞ്ഞു. ഒരു ആണ്‍ പ്രതിമ കിട്ടിയിരുന്നെങ്കില്‍ കുട്ടികള്‍ ഉണ്ടാകുമായിരുന്നു. ഇത് ഒരു ഗുണവുമില്ല. സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് നീതികേടുണ്ട് എന്നും താരം പ്രതികരിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനത്തിനിടെ താന്‍ പറഞ്ഞ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് മാപ്പ് പറയില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിനിടെയായിരുന്നു അലന്‍സിയറിന്റെ വിവാദ പരാമര്‍ശം. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍ രൂപത്തിലുള്ള പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് അലന്‍സിയര്‍ പറഞ്ഞു. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു പരാമര്‍ശം.

Top