ദിവ്യ ഗോപിനാഥിന്റെ മീ ടൂ ആരോപണം; കുറ്റസമ്മതം നടത്തി അലന്‍സിയര്‍

കൊച്ചി: തനിക്കെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥിന്റെ വാക്കുകള്‍ ശരിയെന്ന് നടന്‍ അലന്‍സിയര്‍. സിനിമയുടെ ചിത്രീകരണ സമയത്ത് മുറിയില്‍ കയറിയത് ദുരുദ്ദേശത്തോടെയല്ലെന്നും സൗഹൃദത്തിന്റെ പേരില്‍ ആയിരുന്നെന്നും അലന്‍സിയര്‍ പറഞ്ഞു.

മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ദിവ്യ പറയുന്നത് പൂര്‍ണമായി സത്യമല്ല. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്തതായിരുന്നു. മീ ടു ക്യാംപെയ്ന്‍ നല്ലതാണ്, എന്നാല്‍ അത് കുടുംബം തകര്‍ക്കാന്‍ ആകരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആഭാസം സിനിമയുടെ സെറ്റില്‍ വെച്ച് ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ദിവ്യയുടെ വെളിപ്പെടുത്തല്‍. അദ്ദേഹം എല്ലാ സിനിമാ സെറ്റുകളിലും പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നുണ്ടെന്നും ദിവ്യ പറഞ്ഞു. അദ്ദേഹത്തെ ഞാന്‍ വിശ്വസിച്ചിരുന്നു. എനിക്ക് തെറ്റുപറ്റിയെന്നും ദിവ്യ വ്യക്തമാക്കി.

ഡബ്യുസിസിയില്‍ ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞത് അലന്‍സിയറിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ തീര്‍പ്പാക്കിയാല്‍ മതിയോ എന്നാണ്. എനിക്ക് അത് മതിയായിരുന്നു. എന്നാല്‍ മറ്റുള്ളവരെ ഇനിയും അയാള്‍ ഉപദ്രവിച്ചേക്കും, ഉപദ്രവിക്കുന്നുമുണ്ട്. ആ തെളിവുകള്‍ എന്റെ കയ്യില്‍ ഉണ്ടെന്നും അവരോട് പറഞ്ഞു. അയാളുടെ മുഖംമൂടി അഴിക്കണം എന്ന ബോധ്യത്തോടെയാണ് അത് എഴുതിയതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

Top