ലഹരിയുമായി ബി.ഡി.എസ് വിദ്യാര്‍ഥിനിയെ പിടികൂടിയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

കൊച്ചി : എറണാകുളം കോതമഗംലത്ത് നിന്നും ലഹരിയുമായി ബി.ഡി.എസ് വിദ്യാര്‍ഥിനിയെ പിടികൂടിയ കേസില്‍ തൃശൂര്‍ സ്വദേശി വിനുവിനെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

സുഹൃത്തായ വിനുവാണ് ലഹരി വസ്തുക്കള്‍ നല്‍കിയതെന്ന വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിദേശത്തേക്ക് കടന്ന ഇയാളെ പിടികൂടുന്നതിനായി എക്‌സൈസ് സംഘം നീക്കം ആരംഭിച്ചിട്ടുണ്ട്.

കോതമംഗലം നെല്ലിക്കുഴിയില്‍ നിന്നുമാണ് മൂന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥിനിയായ പത്തനംതിട്ട സ്വദേശിനി ശ്രുതിയെ കഴിഞ്ഞ ദിവസം കോതമംഗലം എക്സൈസ് സംഘം പിടികൂടിയത്. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലായിരുന്നു വിദ്യാര്‍ഥിനിയെ ലഹരി വസ്തുക്കളുമായി പിടികൂടിയത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തൃശൂര്‍ സ്വദേശിയായ വിനുവാണ് ലഹരി വസ്തുക്കള്‍ എത്തിക്കുന്നതെന്ന് മൊഴി നല്‍കിയത്. ശ്രുതിക്ക് ദോഹയിലേക്ക് പോകുന്നതായി വിനു സന്ദേശം അയച്ചിരുന്നു.

വാട്‌സ്ആപ്പിലും, സോഷ്യല്‍ മീഡിയയിലുമായി ആണ്‍കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ചും, ഡി.ജെ പാര്‍ട്ടികള്‍ കേന്ദ്രീകരിച്ചുമായിരുന്നു ശ്രുതി ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നത്. ആയിരം രൂപക്ക് വാങ്ങി രണ്ടായിരം രൂപക്കായിരുന്നു വില്‍പന. കോളജ് വിദ്യാര്‍ഥികളായിരുന്നു ഇവരുടെ സ്ഥിരം ഇടപാടുകാര്‍. ചെറിയ അളവിലുള്ള ലഹരിയാണ് പിടികൂടുമ്പോള്‍ കൈവശമുണ്ടായിരുന്നത്. അതിനാല്‍ ശ്രുതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

Top