മദ്യശാലകള്‍ അടച്ചു; ബദല്‍ മാര്‍ഗം സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിന് ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗണ്‍മൂലം മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ഇക്കാര്യം എക്‌സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ ബിവറേജസ് മദ്യവില്‍പ്പനശാലകളും കള്ളുഷാപ്പുകളും അടച്ചിടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് ഏപ്രില്‍ 14നുശേഷം തുറന്നാല്‍ മതിയെന്നാണ് തീരുമാനം.

മദ്യം ഓണ്‍ലൈനായി വില്‍ക്കുന്നതിന് നിയമവശങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ യോഗം എക്‌സൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, അബ്കാരിച്ചട്ടം ഭേദഗതി വേണ്ടതിനാല്‍, അത് തത്കാലം പ്രായോഗികമല്ലെന്നായിരുന്നു വിലയിരുത്തല്‍.

Top