മദ്യം എയ്ഡ്‌സിനേക്കാള്‍ മാരകമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്

ജനീവ: ഓരോ വര്‍ഷവും മൂന്ന് മില്യണ്‍ ആളുകള്‍ മദ്യപാനം മൂലം മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. എയ്ഡ്‌സ്, ആക്രമണങ്ങള്‍, റോഡ് അപകടങ്ങള്‍ എന്നീ കാരണങ്ങള്‍ മൂലം മരണമടയുന്ന ആകെ ആളുകളുടെ എണ്ണത്തേക്കാളും മദ്യപിച്ച് മരിക്കുന്നവരാണ് മുന്നിലെന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് സംഘടന പുറത്തു വിട്ടിരിക്കുന്നത്.

ഓരോ വര്‍ഷവും ലോകത്ത് നടക്കുന്ന 20 മരണങ്ങളില്‍ ഒന്നില്‍ കൂടുതല്‍ എണ്ണത്തിന് കാരണം മദ്യപാനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍, മദ്യപാനം മൂലമുണ്ടാകുന്ന ആക്രമണങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയവയാണ് അതിന് കാരണം. ഇതില്‍ 75 ശതമാനവും പുരുഷന്മാരാണ് ഇരകളാകുന്നത്. 500 പേജടങ്ങുന്നതാണ് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ട്.

മദ്യപാനികള്‍ മാത്രമല്ല, അവരുടെ കുടുംബവും ഇതിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്. ആക്രമണങ്ങള്‍, പരിക്കുകള്‍, മാനസിക പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍ അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം കുടുംബവും ബന്ധുക്കളും ഇരകളാകാറുണ്ടെന്ന് ഡബ്‌ള്യു എച്ച്‌ ഒ അദ്ധ്യക്ഷന്‍ വ്യക്തമാക്കി. ആരോഗ്യമുള്ള സമൂഹത്തിനായി മദ്യ വര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരള്‍ രോഗം, ക്യാന്‍സര്‍ തുടങ്ങി ഇരുന്നൂറിലധികം അസുഖങ്ങളാണ് മദ്യപാനം മൂലം ഉണ്ടാകുന്നത്. എയ്ഡ്‌സ്, ന്യുമോണിയ, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച ആളുകളുടെ ആരോഗ്യ നില മദ്യപാനം കൂടുതല്‍ വഷളാക്കും.

2016ല്‍ മൂന്ന് മില്യണ്‍ ആളുകളാണ് മദ്യപാനം മൂലം മരിച്ചത്. ആകെ ലോകത്ത് നടന്ന മരണത്തിന്റെ 5.3 ശതമാനമാണത്. അതേസമയം, 1.8% ആണ് എയ്ഡ്‌സ് ബാധിച്ച് മരിച്ചത്. റോഡ് അപകടങ്ങളില്‍ 2.5 ശതമാനം ആളുകള്‍ മരിച്ചപ്പോള്‍ 0.8 ശതമാനമാണ് വിവിധ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുത്തിയത്. എന്നാല്‍, 2014ലെ റിപ്പോര്‍ട്ടിനേക്കാള്‍ ഭേദപ്പെട്ട റിപ്പോര്‍ട്ടാണ് 2016ലേത്.

2010 മുതല്‍ മദ്യ ഉപയോഗത്തിലും അതുമൂലമുണ്ടാകുന്ന മരണങ്ങളിലും നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. 237 മില്യണ്‍ പുരുഷന്മാരും 46 മില്യണ്‍ സ്ത്രീകളുമാണ് മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നത്. യൂറോപ്പില്‍ 15 ശതമാനം പുരുഷന്മാരെയും 3.5 ശതമാനം സ്ത്രീകളെയും മദ്യപാനം ബാധിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഇത് 11.5 ശതമാനവും 5.1 ശതമാനവുമാണ്. 2.3 മില്യണ്‍ ആളുകളെയാണ് ലോകത്ത് കുടിയന്മാരായി കണക്കാക്കിയിരിക്കുന്നത്. 33 ഗ്രാം ശുദ്ധമദ്യം ദിവസവും കഴിക്കുന്നവരാണ് ഈ കണക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളിലും ഇപ്പോള്‍ മദ്യപാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ കണക്ക് വ്യക്തമാക്കുന്നു.

Top