മദ്യപിച്ച് പെണ്‍കുട്ടികളെ ചീത്തവിളിച്ചു: ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി അക്രമണം

മാവേലിക്കര: ആലപ്പുഴ കൊറ്റാറുകാവില്‍ വീടുകയറി ആക്രമണം. മൂന്നംഗ സംഘം നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് പരുക്കേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസിനെ വെട്ടിച്ച് പ്രതികള്‍ കടന്നുകളഞ്ഞു.

കൊറ്റാര്‍കാവ് പനയന്നാമുറിയില്‍ കാര്‍ത്തികേയന്‍(65), ഭാര്യ ഉഷ(60) മകള്‍ ശ്രീകല, മരുമകന്‍ ദേവന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം. കൊറ്റാര്‍കാവില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യ ഐ.റ്റി.ഐയിലേക്കുള്ള വഴിയില്‍ നിന്ന് മദ്യപിക്കുകയായിരുന്ന സംഘം അതുവഴി എത്തിയ പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞു.

ഇത് ചോദ്യം ചെയ്ത കാര്‍ത്തികേയനെ മദ്യപസംഘത്തില്‍ ഉണ്ടായിരുന്ന കല്ലുമല സ്വദേശിയായ വര്‍ഗീസ് എന്നയാളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വീടുകയറി അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മാവേലിക്കര പോലീസ് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിട്ടുണ്ട്.

Top