ആലത്തൂരിൽ രമ്യയുമായി ഏറ്റുമുട്ടാൻ സകല ശക്തിയുമെടുത്ത് സി.പി.എം . . .

ലത്തൂരില്‍ പി.കെ ബിജു – രമ്യ ഹരിദാസ് ഏറ്റുമുട്ടലിനുമപ്പുറം സംഘടനാപരമായ പോരാട്ടമാക്കി മാറ്റി സി.പി.എം. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ രമ്യ ഹരിദാസ് ആര്‍ജിച്ച പിന്തുണ പി.കെ ബിജുവിന് ആര്‍ജിക്കാന്‍ കഴിയുന്നില്ലെന്ന വിലയിരുത്തലാണ് പ്രചരണം മാറ്റി പിടിക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചിരിക്കുന്നത്. മുന്‍പ് ഒറ്റപ്പാലം ആയിരുന്നപ്പോഴും പിന്നീട് ആലത്തൂരായി മാറിയപ്പോഴും ചുവപ്പിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ജനതയാണ് ഈ മണ്ഡലത്തിലുള്ളത്. ഏറ്റവും നിഷ്‌കളങ്കരായ ആലത്തൂരിലെ ജനങ്ങളുടെ മനസ്സ് മാറി ചിന്തിക്കുന്നുവെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ് തന്ത്രം മാറ്റാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.

ബിജുവിന്റെ ലോക്‌സഭയിലെ പ്രകടനം മുന്‍ നിര്‍ത്തി പ്രചരണം നടത്തുന്നുണ്ടെങ്കിലും ചെങ്കൊടിയെ കൈവിടരുതെന്ന സന്ദേശം നല്‍കുന്ന പ്രചരണത്തിനാണ് പ്രധാന ഊന്നല്‍. കമ്യൂണിസ്റ്റുകള്‍ നാട്ടില്‍ നടത്തിയ പോരാട്ടങ്ങളും ഇടതുപക്ഷ സര്‍ക്കാരുകള്‍ നല്‍കിയ നേട്ടങ്ങളും വിവരിച്ചാണ് സി.പി.എം പ്രചരണം നടത്തുന്നത്. ബിജുവിന്റെ ഫോട്ടോയേക്കാള്‍ പാര്‍ട്ടി ചിഹ്നമായ ചുറ്റിക അരിവാള്‍ നക്ഷത്രത്തിനാണ് പ്രാധാന്യം. അരിവാളിന കൈവിടരുതെന്ന സന്ദേശമാണ് പാര്‍ട്ടി അനുഭാവികള്‍ക്കുള്‍പ്പെടെ സി.പി.എം നല്‍കി വരുന്നത്.

പ്രചരണ രംഗത്ത് പി.കെ ബിജുവിനെ വിറപ്പിച്ച് രമ്യ ഹരിദാസ് വലിയ മുന്നേറ്റം ആലത്തൂരില്‍ നടത്തിയതാണ് സി.പി.എം നേതൃത്വത്തിന്റെ കണ്ണു തുറപ്പിച്ചത്.വി.ടി ബല്‍റാം, അനില്‍ അക്കര, ഷാഫി പറമ്പില്‍ എന്നീ യുവ എം.എല്‍.എമാര്‍ നേതൃത്വം ഏറ്റെടുത്തതോടെ വലിയ ഓളം ആലത്തൂരില്‍ സൃഷ്ടിക്കാന്‍ രമ്യക്ക് കഴിഞ്ഞിട്ടുണ്ട്.

സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചയാണ് ഈ മുന്നേറ്റത്തിന് കാരണമെന്ന വിലയിരുത്തല്‍ പാര്‍ട്ടിയില്‍ തന്നെ ശക്തമാണ്. ജനപ്രിയനായ നേതാവ് കെ.രാധാകൃഷ്ണനായിരിക്കും ഇത്തവണ സ്ഥാനാര്‍ത്ഥിയാകുക എന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും കരുതിയിരുന്നത്. എന്നാല്‍ ഈ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് മൂന്നാമതും പി.കെ ബിജുവിന് സി.പി.എം നേതൃത്വം സീറ്റ് നല്‍കുകയായിരുന്നു. വൈക്കത്തെ ഉന്നത നേതാവിന്റെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നാണ് പാര്‍ട്ടിക്കുള്ളിലെ അണിയറ സംസാരം.ഏത് രാഷ്ട്രീയ സാഹചര്യത്തിലും നൂറ് ശതമാനവും എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയുന്ന മണ്ഡലത്തില്‍ സി.പി.എം പ്രതിരോധത്തിലാകുന്നത് ഇത് ആദ്യമാണ്.

പ്രകൃതിദുരന്തം ഉണ്ടായപ്പോള്‍ ഉള്‍പ്പെടെ സ്ഥലം എം.പി തിരിഞ്ഞു നോക്കിയില്ലെന്ന വലിയ വികാരമാണ് ആലത്തൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ ഉള്ളത്. മുന്‍പ് യുവ നേതാവായി കന്നി അങ്കത്തിന് വന്ന പാവപ്പെട്ടവന്‍ എന്ന ഇമേജ് ബിജുവിന് നഷ്ടപ്പെട്ടതായി രാഷ്ട്രിയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇവിടെയാണ് രമ്യ സ്‌കോര്‍ ചെയ്തത്. ബിജുവിന് കന്നി മത്സരത്തില്‍ ഉണ്ടായ ഇമേജുമായാണ് രമ്യ കളം പിടിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് സത്യാവാങ് മൂലത്തില്‍ രമ്യയുടെ സമ്പാദ്യം 12,816 രൂപയും 4 നാല് ഗ്രാം സ്വര്‍ണവും മാത്രമാണ്. എന്നാല്‍ പി.കെ ബിജുവിനാവട്ടെ ഇന്നോവ കാറുള്‍പ്പെടെ 23,24826 രൂപയുടെ ആസ്തിയും ഉണ്ട്. ഇതും ആലത്തൂരിലെ വോട്ടര്‍മാര്‍ക്കിടയിലെ പ്രധാന ചര്‍ച്ചയാണ്. എം.പിയായിരിക്കെ സി.പി.എം നേതാവ് എസ്.അജയകുമാര്‍ ഓട്ടോറിക്ഷയിലും ബസിലും യാത്ര ചെയ്യ്ത മണ്ഡലമാണിത് എന്ന് കൂടി ഓര്‍ക്കണം.

പാട്ടു പാടുന്ന രമ്യയെ കളിയാക്കിയ അദ്ധ്യാപിക ദീപ നിശാന്തിന്റെ നിലപാടും രമ്യക്ക് അനുകൂലമായ വികാരം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. പാട്ടു മത്സരമല്ല പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന ഇടതുപക്ഷ പ്രചരണവും സ്ത്രീ വോട്ടര്‍മാരെ സംബന്ധിച്ച് ദഹിച്ചിട്ടില്ല.

ഇതാടെ രമ്യയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് പ്രചരണം പോകരുതെന്ന കര്‍ശന നിര്‍ദ്ദേശം സി.പി.എം ഇപ്പോള്‍ അണികള്‍ക്ക് നല്‍കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് കെ.പി.എ.സിയും വിപ്ലവ ഗാനങ്ങളും വഹിച്ച പങ്ക് അറിയാവുന്ന പഴയ തലമുറയിലെ നേതാക്കളാണ് ഈ പരിഹാസം തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. അതേ സമയം പാട്ടു പാടി തന്നെയാണ് രമ്യയുടെ വോട്ട് പിടുത്തം ഇപ്പോഴും ആലത്തൂര്‍ മണ്ഡലത്തില്‍ പുരോഗമിക്കുന്നത്.

വിശ്വസിച്ചാലും ഇല്ലങ്കിലും പുറത്ത് വന്ന അഭിപ്രായ സര്‍വേകളില്‍ തന്നെ ആലത്തൂരിലെ മത്സരത്തിന്റെ കടുപ്പം വ്യക്തമാണ്. ഇഞ്ചാടിഞ്ച് പോരാട്ടമാണ് ഇവിടെ നടക്കുന്നത്. അത് ഇപ്പോള്‍ ചെങ്കൊടിയും രമ്യാ ഹരിദാസും തമ്മിലായി മാറിയപ്പോള്‍ വീറും വാശിയും ഒന്നുകൂടി കൂടിയിട്ടുണ്ട്.

Top