ആലത്തൂരിൽ ചെമ്പടക്ക് അടിതെറ്റിയാൽ ബിജുവിന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടി

ചുവപ്പ് കോട്ടയായ ആലത്തൂരില്‍ അടിപതറിയാല്‍ പി.കെ ബിജുവെന്ന രാഷ്ട്രീയ നേതാവിന്റെ പതനത്തിന് തന്നെ അത് കാരണമാകും.

പാര്‍ട്ടി ഘടകങ്ങളുടെയും പ്രവര്‍ത്തകരുടെയും വികാരം മാനിക്കാതെ ബിജുവിനെ സ്ഥാനാര്‍ത്ഥിയാക്കിയ നേതാക്കളും ഇത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ മറുപടി പറയേണ്ടി വരും.പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ ബിജുവിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. ആലത്തൂരില്‍ തോറ്റ ഒരു പാര്‍ട്ടി നേതാവിനെ ഇനി സി.പി.എം മറ്റ് മണ്ഡലങ്ങളില്‍ പരീക്ഷിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.

എന്തൊക്കെ അടിയൊഴുക്ക് സംസ്ഥാനത്ത് ഉണ്ടായാലും എത്ര വലിയ തരംഗം ഉണ്ടായാലും അതിനെ അതിജീവിക്കാനുള്ള കരുത്ത് ചെമ്പടക്കുള്ള മണ്ഡലമാണ് ആലത്തൂര്‍. ഇപ്പോള്‍ പോളിങ് ശതമാനം ഉയര്‍ന്നത് പോലും പാര്‍ട്ടിക്ക് നേട്ടമാകുമെന്ന് സി.പി.എം കണക്ക് കൂട്ടുന്നത് പാര്‍ട്ടി സ്വാധീനം മുന്‍ നിര്‍ത്തി തന്നെയാണ്. പാവപ്പെട്ട കര്‍ഷകരും മറ്റ് അടിസ്ഥാന വര്‍ഗ്ഗത്തിലെ ജനവിഭാഗങ്ങളും തിങ്ങിപാര്‍ക്കുന്ന മണ്ഡലമാണ് ആലത്തൂരെന്ന ഈ സംവരണ മണ്ഡലം.

കേരളത്തില്‍ ഒരു സി.പി.എം എം.പി വിജയിക്കുമെങ്കില്‍ അത് ആദ്യം സാധ്യമാകേണ്ട മണ്ഡലമാണ് ആലത്തൂര്‍. ഈ മണ്ഡലത്തില്‍ ചെങ്കൊടിക്കുള്ള സ്വാധീനത്തോളം മറ്റൊരു മണ്ഡലത്തിലും അവകാശപ്പെടാന്‍ കഴിയുന്നതല്ല.

ഈ ലോകസഭ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നില്‍ മാത്രമാണ് യു.ഡി.എഫിന് നേടാന്‍ കഴിഞ്ഞിരുന്നത്, അത് വടക്കാഞ്ചേരിയാണ്. വെറും 43 വോട്ടിന് മാത്രമാണ് അനില്‍ അക്കരെ എന്ന യുവനേതാവ് ഇവിടെ നിന്നും വിജയിച്ചത്. ബാക്കി മണ്ഡലങ്ങളില്‍ ചിറ്റൂരിലാണ് ഭേദപ്പെട്ട സ്വാധീനം കോണ്‍ഗ്രസ്സിനുള്ളത്.

ഇവിടെ നിര്‍ണ്ണായകമായ ജെ.ഡി.എസ് ഇത്തവണ ഇടതുപക്ഷത്തിനൊപ്പവുമാണ്. വലിയ ഭൂരിപക്ഷം ഇടതുപക്ഷത്തിന് നല്‍കുന്ന മണ്ഡലങ്ങളാണ് ആലത്തൂര്‍, തരൂര്‍, ചേലക്കര തുടങ്ങിയ നിയമസഭാമണ്ഡലങ്ങള്‍. കുന്നംകുളത്തും നെന്മാറയിലും മാത്രമല്ല, അനില്‍ അക്കരയുടെ വടക്കാഞ്ചേരിയില്‍ പോലും ശക്തമായ സംഘടനാ സംവിധാനം സി.പി.എമ്മിന് നിലവിലുണ്ട്.

പ്രചരണ രംഗത്ത് ബിജു പ്രതിരോധത്തിലായതോടെ എണ്ണയിട്ട യന്ത്രം പോലെ, മുന്‍പ് ഒരു കാലത്തും ഇല്ലാത്ത തരത്തിലാണ് സി.പി.എം സംഘടനാ മെഷിനറി ആലത്തൂരില്‍ പ്രവര്‍ത്തിച്ചത്. കാരണം ഈ ലോകസഭ മണ്ഡലത്തിലെ തോല്‍വി ഒരു സി.പി.എം പ്രവര്‍ത്തകനും ഇഷ്ടപ്പെടുന്നില്ല എന്നത് തന്നെ.

പി കെ ബിജുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കടുത്ത അമര്‍ഷമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അവസാന നിമിഷം സജീവമായി ചെങ്കൊടിക്ക് വോട്ട് പിടിക്കുന്ന കാഴ്ചയും വ്യാപകമായിരുന്നു. ഇവര്‍ ബിജുവിന് ഒരു വോട്ട് എന്നതില്‍ നിന്നും പാര്‍ട്ടി ചിഹ്നത്തിന് ഒരു വോട്ട് എന്ന തരത്തിലേക്ക് മാറിയാണ് പ്രചരണം നടത്തിയത്. തോല്‍ക്കുന്നത് ബിജുവല്ല പാര്‍ട്ടിയാണെന്ന തിരിച്ചറിവായിരുന്നു ഇതിനു പിന്നില്‍.

അതേസമയം, അവസാന നിമിഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ചെങ്കോട്ട കാത്തു സൂക്ഷിച്ചെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം നേതൃത്വം.

ഇവിടെ അടിപതറിയാല്‍ അത് സ്ഥാനാര്‍ത്ഥിയോടുള്ള രോഷം ഒന്നുകൊണ്ട് മാത്രമാകുമെന്ന കാര്യവും ഉറപ്പ്. എ.വിജയരാഘവന്റെയും ദീപ ടീച്ചറുടെയുമെല്ലാം പിഴച്ച വാക്കുകള്‍ എതിരാളികള്‍ക്ക് ആയുധമായിട്ടുണ്ടെങ്കിലും ആലത്തുരിനെ അട്ടിമറിക്കാനുള്ള ശക്തി ആ ആയുധത്തിനും ഇല്ലായിരുന്നു.

പ്രളയം മുതല്‍ സിറ്റിംഗ് എം.പിയുടെ പൊടിപോലും മണ്ഡലത്തില്‍ കാണാനില്ലാത്തതായിരുന്നു ജനരോക്ഷത്തിന് പ്രധാന കാരണമായിരുന്നത്. ആദ്യ രണ്ട് മത്സരത്തില്‍ ലഭിച്ച പാവപ്പെട്ട യുവാവ് എന്ന പ്രതിച്ഛായയും ബിജുവിന് നഷ്ടമായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ഫോണില്‍ വിളിച്ചാല്‍ എടുക്കാത്ത അത്ര ദൂരത്തിലായിരുന്നു ഈ എം.പി.

ഇക്കാര്യങ്ങള്‍ ഉയര്‍ത്തി തന്നെയാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ വോട്ട് ചോദിച്ചിരിക്കുന്നത്. ഒരു പാര്‍ട്ട് ടൈം എം.പിയായിരിക്കില്ല, ഫുള്‍ ടൈം എം.പി ആയിരിക്കുമെന്നതായിരുന്നു അവരുടെ പ്രധാന പ്രചരണം.

കൊട്ടിക്കലാശത്തില്‍ രമ്യക്ക് ഏറ്റ കല്ലേറ് വോട്ടാക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിച്ചെങ്കിലും അതിനെ ഫലപ്രദമായി ചെറുക്കാന്‍ സി.പി.എം സംഘടനാ മെഷിനറിക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്.

സി.പി.എമ്മിനു ലഭിക്കേണ്ട അവസാന വോട്ടും ഇത്തവണ നിര്‍ബന്ധപൂര്‍വ്വം തന്നെ പോള്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനം വച്ച് നോക്കിയാല്‍ ചുരുങ്ങിയത് അരലക്ഷം വോട്ടിനെങ്കിലും ബിജു ഈ മണ്ഡലത്തില്‍ നിന്നും വിജയിക്കേണ്ടതാണ്. മറിച്ചായാല്‍ അത് രമ്യയെ സംബന്ധിച്ചും യു.ഡി.എഫിനെ സംബന്ധിച്ചും ഒരു ചരിത്ര വിജയം തന്നെയാകും.

കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയായി അത് മാറും. ന്യൂനപക്ഷങ്ങളും സ്ത്രീകളും കൂടുതലായി വോട്ട് ചെയ്തത് അനുകൂലമാകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാല്‍, ശക്തികേന്ദ്രങ്ങളിലെ വോട്ട് വര്‍ദ്ധനവിലാണ് സി.പി.എം പ്രതീക്ഷയര്‍പ്പിക്കുന്നത്.

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഓരോ തവണയും പോളിംഗില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. തരൂര്‍ മണ്ഡലത്തില്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1,18,546 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 1,28,310 ആയി വര്‍ദ്ദിക്കുകയും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് 1,31,293 ല്‍ എത്തുകയും ചെയ്തു.

ചിറ്റൂര്‍ മണ്ഡലത്തില്‍ 2014ല്‍ 1,39,398 പേരും 2016ല്‍ 1,54,280 പേരും 2019ല്‍ 1,48,944 പേരും വോട്ട് രേഖപ്പെടുത്തി. നെന്മാറയില്‍ 2014ല്‍ 1,37,848 പേര്‍ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിച്ചപ്പോള്‍ 2016ല്‍ 1,54,578 പേരും 2019ല്‍ 1,50,302 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

ആലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ 2014ല്‍ 1,21,333 പേരും 2016ല്‍ 1,28,639 പേരും ഇത്തവണ 1,33,039 പേരും വോട്ട് രേഖപ്പെടുത്തി. ചേലക്കരയില്‍ യഥാക്രമം 1,34,449 , 1,51,225 , 1,48,320 എന്നിങ്ങനെയായിരുന്നു പോളിംഗ്.

കുന്നംകുളത്ത് 2014 ല്‍ 1,33,523 പേര്‍ വോട്ട് ചെയ്തപ്പോള്‍ 2016ല്‍ 1,50,925 പേരും 2019 ല്‍ 1,45,052 പേരും വോട്ട് രേഖപ്പെടുത്തി. വടക്കാഞ്ചേരിയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1,42,210 പേരും 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,29,781 പേരും വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ 1,58,780 പേരാണ് വോട്ട് ചെയ്തത്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ ആകെ 9,27,228 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ഏഴ് മണ്ഡലങ്ങളും ചേര്‍ന്ന് 10,27,738 വോട്ടുകള്‍ രേഖപ്പെടുത്തി. ഇത്തവണ 10,15,730 പേരാണ് വോട്ട് ചെയ്തത്.

2014ല്‍ 37,312 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ഈ മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. അന്ന് യുഡിഎഫ് 3,74,496 വോട്ടുകളും എന്‍ഡിഎ മുന്നണി 87,803 വോട്ടുകളും നേടുകയുണ്ടായി.

Top