Alastair Cook quits as England Test captain: ECB

alister-cook

ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ അലിസ്റ്റര്‍ കുക്ക് സ്ഥാനമൊഴിഞ്ഞു. നാലു വര്‍ഷം ഇംഗ്ലണ്ടിനെ നയിച്ച കുക്ക് ജോ റൂട്ടിനുവേണ്ടിയാണ് വഴിമാറിയത്.

ഈ വര്‍ഷത്തെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് പുതിയ നായകനു കീഴില്‍ അണിനിരക്കും. അടുത്തിടെ ഇന്ത്യക്കെതിരായ പരമ്പരയില്‍ വന്‍ തോല്‍വി വഴങ്ങിയതോടെ കുക്ക് പടിയിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായി റിക്കാര്‍ഡിട്ടശേഷമാണ് കുക്കിന്റെ പടിയിറങ്ങല്‍.

ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കുക്ക് 2012 ഓഗസ്റ്റിലാണ് ഇംഗ്ലണ്ട് നായകസ്ഥാനമേറ്റെടുത്തത്. 2013ലും 2015ലും ഇംഗ്ലണ്ടില്‍ നടന്ന ആഷസ് പരമ്പരയില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച കുക്ക് ഇന്ത്യക്കെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും പരമ്പര വിജയം നേടി. 59 ടെസ്റ്റുകളില്‍നിന്ന് 10 സെഞ്ചുറികളടക്കം 4844 റണ്‍സാണ് കുക്ക് അടിച്ചുകൂട്ടിയത്.

ജോ റൂട്ട് നായകസ്ഥാനത്തേക്ക് ഉയര്‍ന്നതോടെ മുതിര്‍ന്ന താരം ബെന്‍ സ്റ്റോക്‌സ് ഉപനായക സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. നായക സ്ഥാനത്തുനിന്നു പടിയിറങ്ങിയെങ്കിലും ടീമില്‍ തുടരുമെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Top