ആലപ്പുഴ- എറണാകുളം ട്രെയിന്‍ റൂട്ടിലെ യാത്രക്കാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു

കൊച്ചി : ആലപ്പുഴ- എറണാകുളം ട്രെയിന്‍ റൂട്ടിലെ യാത്രക്കാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു. മെമുവിലെ സ്ഥിരം യാത്രക്കാര്‍ എല്ലാ സ്റ്റേഷനിലും കറുത്ത ബാനറും ബാഡ്ജും ധരിച്ച് പ്രതിഷേധിക്കും.

16 ബോഗികളുമായി രാവിലെ ആലപ്പുഴയില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന 66314 പാസഞ്ചര്‍ നിര്‍ത്തലാക്കി 11 കോച്ച് ഉള്ള മെമു ആണിപ്പോള്‍ സര്‍വീസ് നടത്തുന്നത്. 16 കോച്ചില്‍ യാത്ര ചെയ്തിരുന്ന 3000-ലേറെ യാത്രക്കാരാണ് ബുദ്ധിമുട്ടി മെമുവിന്റെ 11 കോച്ചില്‍ യാത്ര ചെയ്യേണ്ടിവരുന്നത്. പല ദിവസങ്ങളിലും തുറവൂര്‍, എഴുപുന്ന, അരൂര്‍ സ്റ്റേഷനുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് വണ്ടിയില്‍ കയറാന്‍ സാധിക്കാത്ത തരത്തിലുള്ള തിരക്കാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന റൂട്ടാണ് ആലപ്പുഴ- എറണാകുളം ട്രെയിന്‍ റൂട്ട്. മറ്റ് സംസ്ഥാനങ്ങളിലെ പോലെ 16 ബോഗികളുള്ള മെമു ഉപയോഗിക്കുക, കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക തുടങ്ങി യാത്രക്കാരുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Top