കുട്ടനാട് സീറ്റ്; പാലയില്‍ തോറ്റ സാഹചര്യം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: കോണ്‍ഗ്രസ്‌

ആലപ്പുഴ: കുട്ടനാട് സീറ്റിന്റെ പേരില്‍ ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയാല്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്. തമ്മില്‍ തല്ലി പാലായില്‍ തോറ്റ സാഹചര്യം ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

പരസ്പരം പോരടിച്ചാല്‍ സീറ്റ് പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇന്ന് കൊച്ചിയില്‍ ചേരുന്ന യുഡിഎഫ് യോഗത്തിലും ഈ വിഷയം ചര്‍ച്ചയായേക്കും.

നിലവില്‍ കുട്ടനാട്ടിലെ സീറ്റ് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ഏത് വിഭാഗത്തിനാണ് സീറ്റ് എന്നത് രണ്ടു കൂട്ടരും ചേര്‍ന്ന് തീരുമാനിക്കണം. ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായാല്‍ സീറ്റ് ഏറ്റെടുക്കുമെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്.

മുന്നറിയിപ്പുണ്ടായിട്ടും സീറ്റ് ഉറപ്പിക്കാനുള്ള ശ്രമങ്ങളുമായി കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ ഒരുങ്ങുകയാണ്. ഇരു വിഭാഗവും കുട്ടനാട്ടില്‍ യോഗം വിളിച്ചിട്ടുണ്ട്. കുട്ടനാട് സീറ്റ് ഏതെങ്കിലും ഒരു വിഭാഗത്തിനു നല്‍കിയാല്‍ മറു വിഭാഗം കടുത്ത നിലപാട് സ്വീകരിക്കുമോയെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

Top