കുടിവെള്ളത്തിലും ക്രമക്കേട്; ‘കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം’, നിര്‍ദേശം അട്ടിമറിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കുടിവെള്ള പദ്ധതിയില്‍ ക്രമക്കേട് കാണിച്ച കരാറുകാരനെതിരെ പ്രതിഷേധം പുകയുന്നു. ഗുണ നിലവാരം കുറഞ്ഞ പൈപ്പാണ് കുടിവെള്ള വിതരണത്തിനായി കരാറുകാരന്‍ ഉപയോഗിച്ചത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാകുന്നത്. അതേസമയം കരാറുകാരനെ ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പരാതികള്‍ ഉയരുന്നുണ്ട്.

കുടിവെള്ള പദ്ധതിയുടെ മൂന്നാം റീച്ചില്‍ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരനെതിരെ ആലപ്പുഴ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പലതവണ നല്‍കിയ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ഉന്നത ഉദ്യോഗസ്ഥര്‍ മുഖവിലക്കെടുത്തില്ല. മാത്രമല്ല കരാറുകാരനെ കരിമ്പട്ടികയില്‍പെടുത്തി നഷ്ടപരിഹാരം ഈടാക്കണമെന്ന സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ആവശ്യം ജല അതോറിറ്റി എംഡിയുടെ ഓഫീസ് അട്ടിമറിക്കുകയും ചെയ്തു.

ഗുണനിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചത് മൂലം പൈപ്പിന് കേടുപാടുകള്‍ പറ്റുന്നതും വെള്ളം പാഴാകുന്നതും പതിവ് കാഴ്ചയാണ്. എന്നാല്‍ പൈപ്പ് പൂര്‍ണ്ണമായി മാറ്റിസ്ഥാപിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും കരാറുകാരന്‍ മറുപടി നല്‍കുന്നില്ല. പൈപ്പ് കമ്പനിയെയും കരാറുകാരനെയും കരിമ്പട്ടികയില്‍പ്പെടുത്തി നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യവും ഉന്നത ഉദ്യോഗസ്ഥര്‍ ചെവികൊണ്ടില്ല. എന്നാല്‍ ഒന്നിനു പിറകെ മറ്റൊന്നായി റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരത്തേക്കും കൊച്ചിയിലെ മേഖലാ ഓഫീസിലേക്കും പോയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല, കരാര്‍ കാലാവധി നിലനില്‍ക്കെ ജല അതോറിറ്റി തന്നെ ലക്ഷങ്ങള്‍ മുടക്കി തുടര്‍ച്ചയായി ഉണ്ടായ പൈപ്പ് പൊട്ടലിന്റെ അറ്റകുറ്റപ്പണികളും ചെയ്തു.

ജലഅതോറിറ്റിയുമായുള്ള കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കരിമ്പട്ടികയില്‍ ഉള്‍പെടുത്തി നഷ്ടപരിഹാരം ഈടാക്കണമെന്നാണ് വ്യവസ്ഥ. പിന്നീട് ഒരു കരാര്‍ ജോലിയും നല്‍കാനും പാടില്ല. എന്നാല്‍ ഇവിടെ പരാമവധി സംരക്ഷണം നല്‍കിയെന്ന് മാത്രമല്ല പൈപ്പ് പൂര്‍ണ്ണമായി മാറ്റിസ്ഥാപിക്കാനുള്ള ജോലികള്‍ വീണ്ടും അതേ കരാറുകാരന് തന്നെ നല്‍കി. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച മന്ത്രിതല യോഗത്തില്‍ പോലും നിര്‍ണായകമായ ഈ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവന്നില്ലെങ്കില്‍ ആരൊക്കെയോ ചേര്‍ന്ന് അതെല്ലാം ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കിയെന്നതും വ്യക്തമാണ്.

Top