സിപിഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ പോസ്റ്ററുകള്‍ പതിക്കില്ലെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

കൊച്ചി : സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോസ്റ്ററുകള്‍ കാര്യമായി എടുക്കുന്നില്ലെന്നും സിപിഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ പോസ്റ്ററുകള്‍ ഒട്ടിക്കില്ലെന്നും കാനം പറഞ്ഞു.

പൊലീസ് ലാത്തിചാര്‍ജിനെ ന്യായികരിച്ചിട്ടില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ട് വന്ന ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും കാനം വ്യക്തമാക്കി. പൊലീസ് അതിക്രമത്തിൽ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിനാണ് വീട്ടിൽ കയറിയല്ല പൊലീസ് മര്‍ദ്ദിച്ചത് എന്ന പ്രതികരണം നടത്തിയത്. അത് വളച്ചൊടിക്കേണ്ട കാര്യമില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും അഭിവാദ്യമര്‍പ്പിച്ചുള്ളതാണ് പോസ്റ്റര്‍. അമ്പലപ്പുഴ സിപിഐയിലെ തിരുത്തല്‍വാദികള്‍ പതിച്ചത് എന്ന നിലയിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പാര്‍ട്ടി എംഎല്‍എയ്ക്കും നേതാക്കള്‍ക്കും പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും വിമര്‍ശനത്തിനും കാരണമായിരുന്നു.

Top