പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ല, അവര്‍ ചെയ്തത് പാര്‍ട്ടി വിരുദ്ധ നടപടിയാണെന്ന് കാനം

kanam

തിരുവനന്തപുരം : ആലപ്പുഴയിലെ പോസ്റ്റര്‍ വിവാദത്തില്‍ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ല. വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും പരസ്യമായിട്ടല്ലെന്നും അവര്‍ ചെയ്തത് പാര്‍ട്ടി വിരുദ്ധ നടപടിയാണെന്നും കാനം പറഞ്ഞു.

പോസ്റ്റര്‍ വിഷയത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും കാനം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് വളരെ വേഗത്തില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി. സംഘം സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

എറണാകുളത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രിയോട് താന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകും. എല്‍ദോ എം.എല്‍.എയ്ക്കെതിരായ മര്‍ദ്ദനത്തില്‍ ഉചിതമായ നടപടി ഉണ്ടായിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.

പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്. സെക്രട്ടറിക്കെതിരെ പോലും വിമര്‍ശനം ഉന്നയിക്കാം. വിമര്‍ശനങ്ങളില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ സെക്രട്ടറിയായാലും നടപടി ഉണ്ടാവും. പൊലീസ് നടപടി മുഖ്യമന്ത്രിവരെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എന്ത് വേണം. എല്ലാ ദിവസവും രാവിലെ എണീറ്റ് പിണറായിയെ ചീത്തപറയാനാവില്ലെന്നും കാനം പറഞ്ഞു.

സിപിഐ മാര്‍ച്ചിനിടെ പൊലീസ് അതിക്രമത്തില്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടും പൊലീസ് നടപടി ന്യായീകരിക്കും വിധം വന്ന പ്രസ്ഥാവനയെ തുടര്‍ന്നാണ് കാനം രാജേന്ദ്രന്‍ സ്ഥാനമൊഴിയണമെന്ന് എഴുതിയ പോസ്റ്റര്‍ ആലപ്പുഴ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ ഒട്ടിച്ചവര്‍ പാര്‍ട്ടിക്കാരല്ലെന്ന് കാനം പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ഒട്ടിച്ചത് സ്വന്തം പാര്‍ട്ടിക്കാരാണെന്ന് വ്യക്തമായി.

Top