ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ട; താക്കീതുമായി പിണറായി

ആലപ്പുഴ: ആലപ്പുഴയിലെ സിപിഎം നേതാക്കള്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയാകേണ്ടെന്ന കടുത്ത താക്കീതാണ് പിണറായി നല്‍കിയിരിക്കുന്നത്. കടുത്ത വിഭാഗീയത കാരണം മൂന്ന് മണ്ഡലങ്ങളില്‍ ഒഴികെ ജില്ലയില്‍ വിജയ സാധ്യത നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു നേതാവും സ്വന്തമായി തീരുമാനമെടുത്ത് നടപ്പാക്കേണ്ടെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി പറഞ്ഞു.

ആലപ്പുഴ സിപിഎമ്മിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച കൃത്യമായ റിപ്പോര്‍ട്ടുമായാണ് മുഖ്യമന്ത്രി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയെങ്കിലും അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല ഒഴികെ മറ്റ് മണ്ഡലങ്ങളില്‍ വിജയസാധ്യത കുറവാണ്. വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് കാരണം. വിജയ സാധ്യത നോക്കി സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായി ഇറങ്ങേണ്ടേന്ന് പിണറായി താക്കീത് നല്‍കി.

ജില്ലാ സെക്രട്ടറിയേറ്റിന്റെ കൂട്ടായ തീരുമാനത്തില്‍ മാത്രമേ പരിപാടികള്‍ നടത്താവൂ, ഒരു നേതാവും സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കേണ്ട. സിറ്റിംഗ് സീറ്റായ അരൂര്‍ നഷ്ടമായതിനെ കുറിച്ച് പാര്‍ട്ടി താഴേത്തട്ടില്‍ വരെ ചര്‍ച്ച നടത്തി. എന്നാല്‍ തീരുത്തല്‍ നടപടിയുണ്ടായില്ല. ഇത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് പിണറായി കുറ്റപ്പെടുത്തി. ചെങ്ങന്നൂര്‍, മാവേലിക്കര മേഖലകളിലെ ബിജെപി വളര്‍ച്ച ഗൗരമായി കാണണം. ഇവിടങ്ങളില്‍ ഭവന സന്ദര്‍ശനം ഉള്‍പ്പെടെ ഇനി മുതല്‍ ജില്ലാ കമ്മിറ്റി നേരിട്ട് നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആലപ്പുഴയില്‍ മൂന്ന് മണിക്കൂറിലധികം നേരം ചര്‍ച്ച നടന്നു.

 

 

Top