ആലപ്പുഴ ദേശീയപാതാ അറ്റകുറ്റപ്പണി ഉടന്‍, മന്ത്രി റിയാസിന് ദേശീയപാതാ അതോറിറ്റിയുടെ ഉറപ്പ്

തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ ദേശീയപാതയിലെ അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ ഉറപ്പു നല്‍കി. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് എന്‍എച്ച്‌ഐഎ അധികൃതര്‍ മന്ത്രിക്ക് ഉറപ്പു നല്‍കിയത്.

റോഡ് തകര്‍ന്ന മുഴുവന്‍ സ്ഥലങ്ങളിലും അറ്റകുറ്റപ്പണികള്‍ നടത്താനാണ് തീരുമാനം. എസ്റ്റിമേറ്റ് തയ്യാറാക്കി ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുമ്പോള്‍ വേഗത്തില്‍ അംഗീകാരം നല്‍കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശം എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചു. എസ്റ്റിമേറ്റ് ലഭിച്ചാല്‍ ഉടന്‍ അംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കാമെന്ന് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പു നല്‍കി.

മാത്രമല്ല, കുതിരാന്‍ രണ്ടാം ടണല്‍ പ്രവൃത്തിയും സംസ്ഥാനത്തെ മറ്റ് പ്രധാന പ്രവൃത്തികളും യോഗം വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം മാസം തോറും ചേരാനും തീരുമാനിച്ചു. സംസ്ഥാനത്തെ എന്‍എച്ച്എഐ പ്രവൃത്തികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി റിയാസ് യോഗത്തില്‍ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് ഐഎഎസ്, നോഡല്‍ ഓഫീസര്‍ എസ് സുഹാസ് ഐഎഎസ്, ആലപ്പുഴ ഡിഡിസികെ എസ് അഞ്ജു ഐഎഎസ്, തൃശൂര്‍ അസിസ്റ്റന്റ് കളക്ടര്‍ സുഫിയാന്‍ അഹമ്മദ് ഐഎഎസ്, എന്‍എച്ച്എഐ റീജിയണല്‍ ഓഫീസര്‍ ബി എല്‍ മീണ, എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ പി പ്രദീപ്, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ചീഫ് എഞ്ചിനിയര്‍ അശോക് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Top