ആലപ്പുഴ നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം

ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. ചെയര്‍മാന്‍ സ്ഥാനം ഇല്ലിക്കല്‍ കുഞ്ഞുമോന് നല്‍കിയാല്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് മുന്‍ ചെയര്‍മാന്‍ തോമസ് ജോസഫിനെ അനുകൂലിക്കുന്ന കൗണ്‍സിലര്‍മാരുടെ നിലപാട്.

തോമസ് ജോസഫിനെ രാജിവെപ്പിച്ച തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് പത്ത് കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം രാജിവെച്ചിരുന്നു. തങ്ങളോട് ആലോചിക്കാതെ ഡിസിസി നേതൃത്വം ചെയര്‍മാന്റെ രാജിക്ക് നിര്‍ദ്ദേശം നല്‍കിയതാണ് പാര്‍ട്ടിയില്‍ നിന്നുള്ള തങ്ങളുടെ രാജിക്ക് കാരണമായി കൗണ്‍സിലര്‍മാര്‍ പറയുന്നത്.

പുതിയ ചെയര്‍മാനായി കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ച ഇല്ലിക്കല്‍ കുഞ്ഞുമോനെ പിന്തുണയ്ക്കുന്നതാണ് കൗണ്‍സിലര്‍മാരുടെ അവകാശവാദം. എന്നാല്‍ ഈ നിലപാട് തള്ളുകയാണ് മുന്‍ ചെയര്‍മാന്‍ തോമസ് ജോസഫിനെ അനുകൂലിക്കുന്നവര്‍.

തോമസ് ജോസഫ് നല്‍കിയ രാജി നഗരസഭാ സെക്രട്ടറി അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടിയാല്‍ വൈകാതെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. 52 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് 25 ഉും എല്‍ഡിഎഫിന് പിഡിപി പിന്തുണയോടെ 21 പേരുമാണ് ഉള്ളത്.

നാല് പേര്‍ ബിജെപിയും രണ്ടു പേര്‍ സ്വതന്ത്രന്‍മാരുമാണ്. കോണ്‍ഗ്രസിലെ പത്ത് പേര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയോ രാജിവയ്ക്കുകയോ ചെയ്താല്‍ യുഡിഎഫിന് ഭരണം നഷ്ടമാകും.

Top