ആ . . കുഞ്ഞിനെ ഓർത്ത് ഒരു ഡോക്ടർ . . ‘ഫോറൻസിക് മെഡിസിനോട് ഭയം തോന്നുന്നു’

kathua rape case

ശ്മീരില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. അതിനിടെ സംഭവത്തെക്കുറിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവിയായ ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പെഴുതിയിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്.

കുറിപ്പിലേക്ക്..

ഒരാഴ്ച്ച ആയിക്കാണും. ഒരു സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. അന്ന് എനിക്ക് മോര്‍ച്ചറിയില്‍ ഡ്യൂട്ടിയായിരുന്നു. ഏകദേശം 12 മണിയോടെ ഒരു കേസ് കഴിഞ്ഞ് തിരിച്ചു എന്റെ ക്യാബിനില്‍ വന്ന് കമ്പ്യൂട്ടര്‍ തുറന്ന് റിപ്പോര്‍ട്ട് ടൈപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ആകസ്മികമായി ആ സംഭാഷണമുണ്ടായത്. എന്റെ മൂഡ് അല്പം ഓഫായിരുന്നുവെന്ന് വര്‍ത്തമാനത്തില്‍ നിന്നും മനസ്സിലാക്കിയ സുഹൃത്തിനോട് കാര്യം പറഞ്ഞു.

രണ്ടു വയസ്സുള്ള ഒരു കൊച്ചു കുഞ്ഞ് അവളുടെ അച്ഛന്റെ കൈകളില്‍ നിന്നും വഴുതി വീണത് ഹൗസ് ബോട്ടില്‍ നിന്നും കായലിലേക്ക്. പത്ത് മിനിറ്റെടുത്തു വെള്ളത്തിനടിയില്‍ നിന്നും അവളുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുവാന്‍. ആ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന യായിരുന്നു ഞാനിപ്പോള്‍ ചെയ്തിട്ട് വന്നത്.

പോസ്റ്റ്‌മോര്‍ട്ടം പരിശോധനയെന്നത് ഒരു നിയമനടപടിയാണ്. ക്രിമിനല്‍ നടപടിക്രമം CrPC Section 174 പ്രകാരം ഒരു ‘qualified medical man’ നടത്തുന്ന പരിശോധന. അതിന്റെ പ്രാഥമികമായ ലക്ഷ്യം ക്രിമിനല്‍ കേസ്സന്വേഷണത്തിന് വേണ്ടി തെളിവ് ശേഖരിക്കാനും, പിന്നീട് കോടതികള്‍ക്ക് നീതി നിര്‍വ്വഹണത്തിന് സഹായകരമാകും വിധം സത്യം കണ്ടെത്തി അറിയിക്കുകയെന്നതും.

ഈ ലക്ഷ്യം കൈവരിക്കുന്നത് ചില ലക്ഷ്യങ്ങള്‍ കൈവരിച്ചുകൊണ്ടാണ്.
അതില്‍ പ്രധാനം,

*മരണകാരണം നിര്‍ണയിക്കുക

* മരിച്ചിട്ട് എത്ര സമയമായി എന്ന് കണക്കാക്കുക

*മരിച്ച വ്യക്തിയുടെ സ്വത്വം തീര്‍ച്ചപ്പെടുത്തുക

*എപ്രകാരമുള്ള മരണമാണെന്ന് നിശ്ചയിക്കുക? അപകടം/? സ്വയഹത്യ /?നരഹത്യ /? സ്വാഭാവിക മരണം?

*തെളിവുകള്‍ കണ്ടെത്തുക, അവ സംരക്ഷിക്കുക

….എന്നിങ്ങനെ പോകുമവ.

എന്നിരുന്നാലും ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത് ചുരുക്കി പറഞ്ഞാലിതാണ്.

ഒരു മരണം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒരു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലൂടെ ഞാന്‍ ചെയ്യേണ്ടത് ആ മരണം ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍, വിശിഷ്യാ വൈദ്യപരിശോധനകളിലൂടെ ഉത്തരം നല്‍കാന്‍ പറ്റുന്ന ചൊദ്യങ്ങള്‍ കണ്ടെത്തി മനസ്സിലാക്കി, അവയ്ക്ക് ഉത്തരം നല്‍കുക എന്നതാണ്.
അങ്ങനെ ചെയ്താല്‍, ഞാന്‍ ആ മരണം ഉയര്‍ത്തുന്ന reasonable questioms- ന്യായമായ ചോദ്യങ്ങള്‍ക്കു ന്യായ ത്തിന്റെയും, തെളിവുകളുടെയും, യുക്തിയുടെയും അടിസ്ഥാനത്തിലുള്ള മറുപടി എന്റെ പരിശോധനയിലൂടെ നല്‍കിയാല്‍, എന്റെ പരിശോധന ഒരു കംപ്ലീറ്റ് ഓട്ടോപ്‌സി ആയെന്ന് പറയാം.
അങ്ങനെയെങ്കില്‍ ആ ചോദ്യങ്ങള്‍ എന്താണെന്ന് ഞാന്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണല്ലോ.
എല്ലാ പരിശോധനകളും തുടങ്ങുന്നതിന് മുമ്പ് പോലീസ് തരുന്ന ഒരു Postmortem requisition form ഉണ്ട്. അതില്‍ കേസ്സിന്റെ ചുരുക്കം, പ്രാഥമിക പോലീസന്വേഷണത്തില്‍ പ്രത്യക്ഷമായും മനസ്സിലാക്കിയ കാര്യങ്ങള്‍ പറഞ്ഞിരിക്കും- brief history and apparent cause and manner of death.

എനിക്കറിയാവുന്ന ഭൂരിപക്ഷം ഡോക്ടര്‍മാരും, ഫോറന്‍സിക്ക് വിദഗ്ധരുള്‍പ്പടെ, ഈ പ്രാഥമിക റിപ്പോര്‍ട്ട് വായിച്ചിട്ട് ബോഡി കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥനോട് കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചിട്ട് നേരെ പൊയി പരിശോധന ആരംഭിക്കും.

ഞാന്‍ പക്ഷേ മരിച്ചയാളിന്റെ ബന്ധുക്കളോടും കൂടി സംസാരിച്ചിട്ടാണ്, അവര്‍ക്ക് പറയാനുള്ളതും കൂടി കേട്ടിട്ട്, പ്രത്യേകിച്ചും അവരുടെ മനസ്സില്‍ പോലീസ് പറഞ്ഞതിന് വിപരീതമായോ അധികമായോ എന്തെങ്കിലും സംശയമുണ്ടോ എന്ന് ചോദിച്ചറിഞ്ഞിട്ടാണ് പരിശോധന തുടങ്ങാറ്.

അതിന്റെ കാരണം പലതാണെങ്കിലും എന്നേ സംബന്ധിച്ചിടത്തോളം ഒരു പോസ്റ്റുമോര്‍ട്ടമെന്നാല്‍ സംശയ ദൂരീകരണം കൂടിയാണ്. നമ്മള്‍ക്ക് സില്ലിയായി തോന്നാവുന്ന ഒരു സംശയം, പക്ഷേ അത് കൊണ്ട് നടക്കുന്നയാള്‍ക്ക് വലുതായിരിക്കും. അയാളെ സംബന്ധിച്ചിടത്തോളം ആ സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടാവേണ്ടത്.

അത് കണ്ട്, ആസ്ഫാറാസ് ഐയാം കണ്‍സേണ്‍ഡ് ഈ ഘട്ടം ബന്ധുക്കളുമായുളള മുഖാമുഖംസംശയങ്ങള്‍ ചോദിച്ചറിയല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയോളം തന്നെ, പ്രധാന്യം അര്‍ഹിക്കുന്നു.
……………………………………………….

Professionalism- തൊഴില്‍ പരമായ കഴിവുകള്‍ ഒത്തൊരുമിപ്പിച്ച് ഒരു പ്രവര്‍ത്തി ആ മേഖലയില്‍ ശിക്ഷണം ലഭിച്ച ഒരു വ്യക്തിക്ക് സമര്‍ത്ഥമായി ചെയ്യുവാനുള്ള ശേഷി.

മറ്റേത് വിദഗ്ധ മേഖല പോലേയും Professionalism നന്നായി വേണ്ടിവരുന്ന ഒരു
പ്രവര്‍ത്തി മണ്ഡലമാണ് forensics.

തൊഴിലിന്റെ ഭാഗമായി തകര്‍ന്ന ശരീരങ്ങള്‍ ദിവസവും കാണേണ്ടി വരുന്നത് തന്നെ ഒരു ഭീകര അവസ്ഥയാണ്.
ആത്മാര്‍ത്ഥമായി ജോലി ചെയ്താല്‍, എന്തൊക്കെ പറഞ്ഞാലും, അത് നമ്മളേ ബാധിക്കുന്ന പണിയാണ്. പക്ഷേ ളീൃലിശെര ാലറശരശിലല്‍ ഞാന്‍ കണ്ടിട്ടുള്ള ബഹുഭൂരിപക്ഷം ആളുകളും ഒരു തൊഴില്‍ എന്നതിനപ്പുറം ഈ വിഷയത്തെ പ്രണയിക്കുന്നതായി കണ്ടിട്ടില്ല. ഒന്നു രണ്ട് പേരോഴികെ.
അത് ഒരു അതിജീവന മാര്‍ഗ്ഗമായിരിക്കാം. അല്ലെങ്കില്‍ നിര്‍വ്വികാരതയോടെയുള്ള താത്പര്യമില്ലായ്മയോ… എനിക്കറിയില്ല.

എന്തായാലും നിയമം അവരില്‍ നിന്നും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ കാര്യക്ഷമമായും ഫലവത്തായും, ഒരു കോള്‍ഡ് ഡീഹ്യൂമനൈസഡ് രീതിയിലൂടെ ചറപറാന്ന് ഒരു പാട് കേസുകള്‍ ചെയ്ത് അവസാനിപ്പിക്കുന്നത് ഞാന്‍ അദ്ഭുതത്തോടെ നോക്കി കാണാറുണ്ട്.

ഇതില്‍ അദ്ഭുതം എന്തിനാണെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം എനിക്ക് ഇത്ര ലാഘവത്തോടെ ജോലി ചെയ്യാനുള്ള cool professionalism എന്ന കഴിവില്ല എന്നത് തന്നെയാണ് കാരണം.

ഞാന്‍ മിക്കപ്പോഴും തകര്‍ന്ന് തരിപ്പണമായിപ്പോകും ഒരു പരിശോധന കഴിഞ്ഞാല്‍. അറ്റ്‌ലീസ്റ്റ് ചില കേസ്സുകളിലെങ്കിലും. ചിലതില്‍ പക്ഷേ അത്രയും കുഴപ്പം വരാറില്ലതാനും.

വ്യക്തമാക്കാം.

സാധാരണക്കാര്‍ക്ക് കണ്ടുനില്‍ക്കാന്‍ വല്യ ബുദ്ധിമുട്ടാണ് ട്രെയിന്‍ തട്ടി മരണപ്പെടുന്നവരുടെ ചിന്നിച്ചിതറിയ ശരീരങ്ങള്‍. എനിക്കത് അത്രയും വല്യ പാടുള്ള കാര്യമല്ല. അതിന്റെ കാരണം ഇത്തരം കേസുകളില്‍ മരണം തല്‍ക്ഷണമാണ് എന്നതാണ് death will be instantaneous. ഒരുപാട് മുറിവുകളും ഒടിഞ്ഞു തൂങ്ങിയതും വേര്‍പ്പെട്ടതുമായ ശരീരഭാഗങ്ങളൊക്കെ കാണുമെങ്കിലും പരേതന്‍ ഒട്ടും വേദനയും കഷ്ടപ്പാടുമൊന്നും അറിഞ്ഞിട്ടുണ്ടാവില്ല. ഇത് പോലെ തന്നെയാണ് വാഹന അപകടങ്ങളില്‍ തലയിലൂടെ വാഹനചക്രങ്ങള്‍ കയറിയിറങ്ങിയുണ്ടാവുന്ന മരണങ്ങളും. കണ്ടാല്‍ ഭയാനകമാണ്. പക്ഷേ ക്വിക്ക് പെയിന്‍ലെസ്സ് ഡെത്ത്, ഗാസ്റ്റലി നെവര്‍തലെസ്.

എന്നേ സംബന്ധിച്ച് ഈ വക കേസുകള്‍ താരതമ്യേന സ്ട്രയിന്‍ കുറവുള്ളവയാണ്.

മറിച്ച്, കഷ്ടപ്പെട്ട്, വളരെയധികം സ്ട്രഗിള്‍ ചെയ്ത്, ശ്വാസം മുട്ടി മരണത്തോട് അവസാനം വരെ പൊരുതി തോറ്റു മുങ്ങി മരിക്കുന്ന ഒരാളുടെ ലങ്ങ്‌സ് കണ്ടാല്‍ എനിക്ക് ശ്വാസം മുട്ടും. ശരിക്കും ബ്രത്‌ലെസ്സാവും.
മുറിവുകള്‍ ധാരാളം ഏറ്റിട്ടും തലയ്ക്ക് കാര്യമായ ക്ഷതമൊന്നും ഏല്‍ക്കാഞ്ഞത് കൊണ്ട് അവസാന നിമിഷം വരെ ബോധം ഉണ്ടായിരുന്ന ഒരാളുടെ മുറിവുകള്‍ എന്റേതും കൂടിയാണ്. അതിഭീകരമായ വേദന എനിക്ക് അനുഭവപ്പെടും.
കത്തികുത്തേറ്റ് അരമുക്കാല്‍ മണിക്കൂറെടുത്ത് ചോര വാര്‍ന്ന് മരിക്കുന്നയാളുടെ ബോധം മയങ്ങുന്നതിന് മുന്‍പുള്ള തൊണ്ട വരണ്ടുണങ്ങിയ ദാഹം എനിക്ക് അതി തീക്ഷണതയുള്ള ആര്‍ത്തിയുണ്ടാക്കും വെള്ളത്തിനോട്. പരിശോധന പാതി വഴി നിറുത്തി ഗ്ലൗസ് ഊരി വെള്ളം കുടിച്ചിട്ടുണ്ട്, പലതവണ.

പണ്ടൊരിക്കല്‍ എഴുതിയിട്ടുള്ളതാണ്. പറ്റിയാല്‍ അതിന്റെ ലിങ്ക് കമന്റ്‌സില്‍ ഇടാം. എന്നേ സംബന്ധിച്ചിടത്തോളം പോസ്റ്റുമോര്‍ട്ടം പരിശോധന മരിച്ചവരിലല്ല ചെയ്യുന്നത്. അത് ഒരിക്കല്‍ ജീവിച്ചിരുന്നവരില്‍ ചെയ്യുന്ന ഒരല്പം വൈകിപ്പോയ വൈദ്യ പരിശോധനയാണ്.

മരണാനന്തരമാണ് പരിശോധനയെങ്കിലും നമ്മള്‍ പുനര്‍ജീവിപ്പിച്ചെടുക്കുന്നത് ഒരു മനുഷ്യന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളാണ്. ഒരു ക്ഷണനേരത്തേക്കെങ്കിലും ആ മനുഷ്യന്റെ കൂടെ ഞാന്‍ ജീവിച്ചു മരിക്കുകയാണ് ഓരോ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലും. അന്നേരമാണ് ആ വ്യക്തിയായി നമ്മള്‍ സംസാരിക്കുന്നത്. സംസാരമെന്നാല്‍ സാധാരണ ഭാഷയിലല്ല. പക്കാ ശാസ്ത്രത്തിന്റെ varifiable reproducible പരിശോധനകളോ അവയുടെ ലാബ് റിസള്‍ട്ടുകളോ അല്ല ഈ അനുഭവങ്ങള്‍.
അത് കൊണ്ട് തന്നെ ഇതൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ എഴുതി പിടിപ്പിക്കാനാവാത്ത കാര്യങ്ങളാണ്. പക്ഷേ പരിശുദ്ധ സത്യങ്ങളും.

പറഞ്ഞ് വന്നത് നമുക്ക് മനസ്സില്ലാമനസ്സോടെയും, നിര്‍വ്വികാരതയോടെയുള്ള ഒരു മന:സ്ഥിതിയോടെയും കൂടി വളരെ perfunctoryയായുംെ ഒരു പ്രൊഫഷണലിസേെത്താടെയുള്ള പോസ്റ്റ്‌മോര്‍ട്ടം ചെയ്യാം. നിയമത്തിന് ആവശ്യമുള്ളതെല്ലാം ആ റിപ്പോര്‍ട്ടില്‍ കാണും താനും.
ദാറ്റ് ഈസ് പ്രൊഫഷണലിസം.

ആ cold ruthless professionalism എനിക്ക് ഇല്ല.

പറഞ്ഞ് വന്നതിതാണ്.
കായലില്‍ വീണ് മരിച്ച മോളുടെ അച്ഛന്‍ മോര്‍ച്ചറിയില്‍ വന്നിരുന്നു. എനിക്ക് പക്ഷേ ആ മനുഷ്യനുമായി മുഖാമുഖത്തിന് നില്‍ക്കാന്‍ പറ്റിയില്ല. എനിക്കതിന് കഴിയില്ല.

എനിക്ക് മരണം താങ്ങാനാവും, എത്രവേണമെങ്കിലും. പക്ഷേ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ നെഞ്ചുവേദന എനിക്ക് പറ്റില്ല. അത് കൊണ്ട് അദ്ദേഹത്തിനോട് ഒന്നും ചോദിച്ചറിയാന്‍ നിന്നില്ല. പോലീസിനോട് മാത്രം സംസാരിച്ചു.
ഒരു സംശയവുമില്ലാത്ത ദൃക്‌സാക്ഷികളുള്ള ഒരു കേസ്. ആ നിലയില്‍ അതങ്ങ് ചെയ്ത് കൊടുത്തു.

പതിനഞ്ചു വര്‍ഷമായി ഞാന്‍ ഫോറെന്‍സിക്കിലെത്തിയിട്ട്.
എനിക്ക് മരണം കൈകാര്യം ചെയ്യാനറിയാം. മൃതദഹങ്ങള്‍ എന്നോട് സംവദിക്കുന്ന ആശയവിനിമയം നടത്തുന്ന മിത്രങ്ങളും. ആദ്യമൊക്കെ നിസ്സംഗതയോടെ തന്നെയാണ് ജോലി ചെയ്തിരുന്നത്. പിന്നെയാണ് ഈ വിഷയത്തിന്റെ അപാര ഭംഗി മനസ്സിലായത്. അതിനോടുള്ള എന്റെ പ്രണയം കൂടിക്കൂടി വരുന്നതേയുള്ളു..

എനിക്ക് പക്ഷേ ഇപ്പോഴും, ഇത്രയും വര്‍ഷങ്ങളായിട്ടും, കൈവിറച്ചുകൊണ്ടല്ലാതെ ഒരു കൊച്ചു കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
പ്രത്യേകിച്ചും കുഞ്ഞുങ്ങള്‍ മരണത്തോട് ദീര്‍ഘമായി പോരാടി സ്ട്രഗിള്‍ ചെയ്ത് മരിക്കുന്നത് എനിക്ക് താങ്ങില്ല.
മനസ്സിന്റെ താളം തെറ്റും.
അടി തെറ്റി പകച്ച് തകര്‍ന്ന് തരിപ്പണമായിപ്പോകും.

Rajiv Mohanraj വീണ്ടും നാട്ടില്‍ വന്നിരുന്നു. ആലുവയിലായിരുന്നു മിനിയാന്ന്. വര്‍ത്തമാനം പറഞ്ഞ് കിടന്നപ്പോള്‍ രാത്രി രണ്ട്.
വെള്ളിയാഴ്ച്ച, ഇന്നലെ MBBS കുട്ടികള്‍ക്ക് ഒരു ക്ലാസ് ഉണ്ടായിരുന്നു ഉച്ചയ്ക്ക് ശേഷം 2 ടു 4.
സന്ധ്യക്കാണ് ഹിന്ദു പേപ്പര്‍ വായിക്കുന്നത്. കത്വ സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയുന്നത്.
വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും എല്ലായിടത്തും വലിയ തോതില്‍ പ്രതിഷേധം,
ന്യായീകരണം.

ഞാന്‍ പ്രണയത്തിലാണ്.
ജീവിതത്തിനോടും ഒരാളോടും.
അത് കൊണ്ട് കരഞ്ഞതേയുള്ളു.
പോയി മരിച്ചില്ല.
കരച്ചില് കേട്ട് പാറു വന്ന് കെട്ടിപ്പിടിച്ചു.
കുറേ നേരമിരുന്ന് അവളും കൂടെ കരഞ്ഞു.

പോസ്റ്റുമോര്‍ട്ടവും മരണവുമൊക്കെ കുറേ കണ്ട ഡോക്ടറായ ഫോറന്‍സിക്ക് പത്തോളജിസ്റ്റ് പോലീസ് സര്‍ജ്ജന്‍.
എന്തിന്?
എന്ത് കാര്യത്തിന്?

എനിക്ക് ആദ്യമായി ഫോറന്‍സിക്ക് മെഡിസിനോട് ഭയം തോന്നുന്നു.

ആ കുഞ്ഞിനെ ഒരു ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുണ്ടാവണമല്ലോ…അദ്ദേഹത്തെ ആരെങ്കിലും കാര്യമായി ശ്രദ്ധിക്കേണ്ടി വരും.

പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ മൂര്‍ച്ചയേറിയ സര്‍ജ്ജിക്കല്‍ സ്‌കാല്‍പ്പലാണ് കൈയ്യില്‍.
അതുംകൊണ്ട് മാരകമായ മുറിവേല്‍പ്പിക്കാന്‍ സാധിക്കും.

ഒരു നിമിഷം മതി എല്ലാറ്റിനും.

Top