ആലപ്പുഴ ഇരട്ടക്കൊലക്കേസ്; പ്രധാന പ്രതികള്‍ക്കായി അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്

ആലപ്പുഴ: ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും പ്രധാന പ്രതികളെ പിടികൂടാനാകാതെ പൊലീസ്. രണ്ടുകേസുകളിലും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് പോലീസ് പറയുന്നത്. അയല്‍ സംസ്ഥാനങ്ങളിലും പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

രണ്ടുകൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്ത ആരെയും പൊലീസിന് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ആസൂത്രണത്തില്‍ പങ്കെടുത്തവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് അറസ്റ്റിലായത്.

ഷാന്‍ വധക്കേസില്‍ മൂന്നും രഞ്ജീത്ത് വധക്കേസില്‍ അഞ്ചുപേരും പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെ പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നും പ്രതികള്‍ക്ക് സഹായം ലഭിച്ചെന്നാണ് പൊലീസ് നിഗമനം.

ഷാന്‍ വധക്കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് സേവാഭാരതിയുടെ ആംബുലന്‍സിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ആംബുലന്‍സ് ഡ്രൈവര്‍ അഖിലിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഉന്നത ഗൂഢാലോചനയും അന്വേഷണ പരിധിയിലുണ്ട്. രഞ്ജീത്ത് വധക്കേസില്‍ റിമാന്‍ഡിലായ പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയിലുള്ള ഷാന്‍ വധക്കേസിലെ പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് ഇന്നും തുടരും.

Top