ആലപ്പുഴ സ്വദേശിനിയുടെ മുഴുവൻ വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് അല്ലു അർജുൻ

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടനാണ് അല്ലു അർജുൻ. ജീവകാരുണ്യപ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. ഇപ്പോഴിതാ പ്ലസ് ടുവിന് ശേഷം തുടർപഠനം വഴിമുട്ടി നിന്ന ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിനിയുടെ മുഴുവൻ വിദ്യാഭ്യാസ ചെലവും ഏറ്റെടുത്തിരിക്കുകയാണ് അല്ലു അർജുൻ. ജില്ലാ കളക്ടർ കൃഷ്ണ തേജയാണ് തന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.‌‌

ആലപ്പുഴ സ്വദേശിനിയായ വിദ്യാർത്ഥിനി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കളക്ടറെ കാണാനെത്തിയത്. 92 ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ചിട്ടും തുടർന്ന് പഠിക്കാൻ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് കുട്ടി എത്തിയത്. കുട്ടിയുടെ പിതാവ് 2021-ൽ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മുന്നോട്ടുള്ള ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായത്. തുടർന്ന് വീ ആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി ഈ കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാൻ കളക്ടറും കൂട്ടരും തീരുമാനിച്ചു.

നഴ്‌സ് ആകാനാണ് ആഗ്രഹമെന്നാണ് മോൾ എന്നോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാൽ മാനേജ്‌മെന്റ് സീറ്റിലെങ്കിലും തുടർപഠനം ഉറപ്പാക്കണമായിരുന്നു. അതിനായി വിവിധ കോളേജുകളുമായി ബന്ധപ്പെട്ടു. തുടർന്ന് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജിൽ സീറ്റ് ലഭിച്ചു. നാല് വർഷത്തെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു സ്‌പോൺസർ വേണമെന്നതായിരുന്നു അടുത്ത കടമ്പ. അതിനായാണ് അല്ലു അർജുനെ വിളിച്ചത്. ആവശ്യം അറിഞ്ഞയുടൻ നാല് വർഷത്തേക്കുമുള്ള ഹോസ്റ്റൽ ഫീ അടക്കമുള്ള മുഴുവൻ പഠന ചെലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നുവെന്ന് കളക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു.

താൻ തന്നെ കഴിഞ്ഞ ദിവസം കോളേജിൽ പോയി ഈ വിദ്യാർത്ഥിനിയെ ചേർക്കുകയും ചെയ്തിട്ടുണ്ട്. അവർ നന്നായി പഠിച്ച് ഭാവിയിൽ ഉമ്മയെയും അനിയനേയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുകയും ചെയ്യുന്ന നഴ്സായി മാറുമെന്ന് ഉറപ്പുണ്ടെന്നും കൃഷ്ണ തേജ കൂട്ടിച്ചേർത്തു.

Top