‘കിരിബാസ്’ അന്നേ മുന്നറിയിപ്പ് തന്നിരുന്നു; നാം കേട്ടില്ലെന്ന് മാത്രം!

രിമണല്‍ ഖനനത്തിന്റെ പേരില്‍ ആലപ്പാട് ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാവുകയാണ്. കടല്‍ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആലപ്പാടിനെക്കുറിച്ചുള്ള ചര്‍ച്ചകളും വാദപ്രതിവാദങ്ങളും സജീവമാകുമ്പോള്‍ കിരിബാസിനെക്കുറിച്ച് പറയാതെ വയ്യ!

ആലപ്പാട്ടെ ഖനനം വാര്‍ത്തകളില്‍ നിറയുന്നതിനും എത്രയോ മുമ്പ് കിരിബാസ് മുന്നറിയിപ്പ് തന്നിരുന്നു, കടലെടുത്ത് പോകാനിടയുള്ള നാടുകളെക്കുറിച്ച്. മനുഷ്യന്റെ ചെയ്തികള്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരു നാടിനെയൊന്നാകെ ഇല്ലാതാക്കുമെന്ന് ഭാവിയിലേക്ക് വിരല്‍ ചൂണ്ടിയ കിരിബാസ് ഒരു ദ്വീപാണ്. ആഗോളതാപനത്തിന്റെ ഫലമായി അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ദ്വീപ്.

പസഫിക് സമുദ്രത്തിലെ 33 ദ്വീപസമൂഹങ്ങള്‍ ഉള്‍പ്പെടുന്ന രാജ്യമാണ് കിരിബാസ്. കിരിബാറ്റി എന്നും പേരുണ്ട്. റിപബ്ലിക് ഓഫ് കിരിബാസ് എന്നാണ് ഔദ്യോഗികനാമം. ഭൂമധ്യരേഖയ്ക്കും അന്താരാഷ്ട്രസമയരേഖയ്ക്കും ചുറ്റിലായാണ് കിരിബാസിന്റെ സ്ഥാനം. ഭൂമിയില്‍ സൂര്യരശ്മികള്‍ ആദ്യം പതിക്കുന്നത് കിരിബാസിലെ മണ്ണിലാണ്. കടലില്‍ നിന്ന് ആറടിയോളം മാത്രമാണ് കിരിബാസിന്റെ ഉയരം. അതുതന്നെയാണ് ഈ ചെറുദ്വീപരാജ്യത്തിന്റെ ശാപവും.

മണല്‍ച്ചാക്കുകള്‍ സ്ഥാപിച്ച് കടലിന്റെ കടന്നുകയറ്റത്തെ ആവുംവിധമൊക്കെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ കിരിബാസിലെ ജനതയ്ക്കറിയില്ലായിരുന്നു ലോകരാഷ്ട്രങ്ങള്‍ ചെയ്യുന്ന ദുഷ്പ്രവര്‍ത്തികളുടെ ഫലമാണ് തങ്ങള്‍ അനുഭവിക്കുന്നതെന്ന്. ആഗോളതാപനത്തിന്റെ പ്രധാനകാരണങ്ങളിലൊന്നായ കാര്‍ബണ്‍ ബഹിര്‍ഗമനം ഏറ്റവും കൂടുതലുണ്ടാകുന്നത് അമേരിക്കയും ബ്രിട്ടനും പോലെയുള്ള രാജ്യങ്ങളിലാണ്.

കിരിബാസ് ദ്വീപസമൂഹങ്ങളുടെ വിധി അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാവുന്നത് 2015ലെ ആഗോളകാലാവസ്ഥാ ഉച്ചകോടിയിലാണ്. ആഗോളതാപനം ഉയരുന്നത് കിരിബാസ് അടക്കമുള്ള പല ദ്വീപ് രാഷ്ട്രങ്ങളുടെയും നാശത്തിന് കാരണമാകുമെന്ന് തിരിച്ചറിഞ്ഞ് കാര്‍ബണ്‍ അടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാന്‍ നടപടി സ്വീകരിക്കാനും ഉച്ചകോടിയില്‍ തീരുമാനമായിരുന്നു. പക്ഷേ,ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ച 195 രാജ്യങ്ങളുടെയും ഭാഗത്ത് നിന്ന് എത്രമാത്രം ഫലപ്രദമായ നടപടികള്‍ ഉണ്ടായി എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതല്ല. ഫലമോ കിരിബാസ് അനുദിനം കടലിന് കീഴടങ്ങിക്കൊണ്ടേയിരിക്കുന്നു.

കിരിബാസ് കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുമ്പോള്‍ ഇല്ലാതാകുന്നത് ഒരു ഭൂപ്രദേശം മാത്രമല്ല. അവിടുത്തെ ജനതയുടെ സംസ്‌കാരവും വാമൊഴിവഴക്കങ്ങളും ജീവിതശൈലിയും ഒക്കെയാണ്. അവര്‍ ശേഷം വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളാകും. ലോകത്തെ ആദ്യത്തെ കാലാവസ്ഥാ അഭയാര്‍ഥികളാകും കിരിബാസുകാര്‍ എന്നാണ് ഐക്യരാഷ്ട്രസംഘടന പറയുന്നത്.

കിരിബാസ് ഒരു ചൂണ്ടുപലകയാണ് എന്ന് അന്നേ പറഞ്ഞത് വെറുതെയായില്ല. മനുഷ്യന്റെ പ്രവര്‍ത്തി മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആലപ്പാട് പോലെയുള്ള എത്രയോ നാടുകളെക്കുറിച്ചുള്ള നാം ശ്രദ്ധിക്കാതെപോയ മുന്നറിയിപ്പായിരുന്നു അത്!

Top