നൂറ് ദിവസം പിന്നിട്ട് ആലപ്പാട് സമരം; പഠനസമിതി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന സമരം ഇന്ന് നൂറാംദിവസത്തിലേക്ക്. പ്രദേശത്തെ ഖനനം പൂര്‍ണമായും നിര്‍ത്തി പഠനം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരാണ് സമരം നടത്തുന്ന്. അതേസമയം ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ളവ വിശദമായി പഠിച്ച് സമിതി റിപ്പോര്‍ട്ട് നല്‍കും.

സെസ്സിലെ ശസ്ത്രജ്ഞനായ ടി.എന്‍.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പാട്ട് പഠനം നടത്തുന്നത്. വര്‍ഷകാലത്തും വേനല്‍കാലത്തും ഖനനമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളിലെ മാറ്റം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള വിശദമായപഠന റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ തീരുമാനം. കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടക്ക് ഖനനം മേഖലയിലെ ഉണ്ടായ മാറ്റങ്ങളും പഠനസമിതി പരിശോധിക്കും.

കൂടാതെ വിവിധ സമിതികളുടെ പഠന റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച് ആയിരിക്കും അന്തിമ റിപ്പോര്‍ട്ട് നല്‍കുക. രണ്ടാഴ്ചക്കുള്ളില്‍ സംഘം ആലപ്പാട് എത്തും .അതേസമയം പഠനസംഘത്തില്‍ സമരസമിതിയില്‍ ഉള്ള ഒരംഗത്തെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിടുണ്ട്. വിശദമായ പഠന റിപ്പോര്‍ട്ട് വൈകരുതെന്നും സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

സമരം നൂറാം ദിവസം പിന്നിടുന്ന ഇന്ന് ചെറിയഴിക്കല്‍ സ്വദേശികളായ നൂറ് പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. രാവിലെ എട്ട് മുതല്‍ നിരാഹാര സമരം തുടങ്ങും അതിന് ശേഷം പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കുന് പ്രതിഷേധ യോഗവും സംഘടിപ്പിച്ചിടുണ്ട്. ശനിയാഴ് ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഉപവാസ സമരം നടത്താനും തീരുമാനമുണ്ട്.

Top