ആലപ്പാട് ഖനനത്തിനായി ഭൂമി വിട്ടുകൊടുക്കാത്തവരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കൊല്ലം: ആലപ്പാട് ഖനനത്തിനായി ഭൂമി വിട്ടുകൊടുക്കാത്തവരെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് അധികൃതരും ജീവനക്കാരും ഭീഷണിപ്പെടുത്തുന്നതായി പരാതി. ഭൂമി വിട്ടുകൊടുക്കാത്തവര്‍ക്ക് ഭവനവായ്പയും മറ്റ് ആനുകൂല്യങ്ങളും പഞ്ചായത്തും നിഷേധിക്കുന്നുവെന്നാണ് പരാതി.

പൊന്‍മന ഗ്രാമപഞ്ചായത്തില്‍ അവശേഷിക്കുന്ന മൂന്ന് കുടുംബങ്ങളാണ് ഈ അവഗണന നേരിടുന്നത്. ഇവരുടെ വീടിന് നാല് പാടും ഖനനം നടക്കുകയാണ്. വള്ളത്തിലേ വീട്ടിലേക്കെത്താനാകൂ. മുപ്പത് വര്‍ഷം മുന്‍പ് പൊന്‍മനയില്‍ 1500 കുടുംബങ്ങളുണ്ടായിരുന്നു. എല്ലാവരും ഖനനത്തിനായി കിടപ്പാടം വിട്ട് കൊടുത്ത് നാട് വിട്ട് പോയി.

അതേസമയം ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച വിഷയത്തില്‍ വിശദീകരണവുമായി ഐആര്‍ഇ രംഗത്തെത്തി. എല്ലാ വശങ്ങളും പഠിച്ച ശേഷമാണ് ഖനനമെന്നും തീരത്തിന്റെ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും ഐആര്‍ഇ വ്യക്തമാക്കി.

ആലപ്പാടിനെ തകര്‍ത്തിരിക്കുന്നത് ഖനനമല്ലെന്നും സുനാമിയാണെന്നും ഇക്കാര്യം കെഎംഎംഎല്‍ എം.ഡി അന്വേഷിച്ചെന്നും ഐആര്‍ഇ റിപ്പോര്‍ട്ട് ലഭിച്ചെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.

ഖനനം നിയമപരമാണെന്നും നിര്‍ത്തിവെയ്ക്കാന്‍ കഴിയില്ലെന്നും സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരാണെന്നും അദ്ദേഹം പറഞ്ഞത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

പിന്നീട് ആലപ്പാട്ടെ സമരം എന്തിന് വേണ്ടിയുള്ളതായിരുന്നെന്ന് അറിയില്ലെന്നും ആലപ്പാട്ടുകാര്‍ ആരും സമരത്തിനില്ലെന്നും ഖനനം നിര്‍ത്തില്ലെന്നും ആലപ്പാടുമായി ബന്ധപ്പെട്ട് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും മലപ്പുറത്തുകാരാണ് സമരം നടത്തുന്നതെന്ന് പറഞ്ഞതുമൊക്കെ ഒരു പ്രയോഗം മാത്രമാണെന്നും സമരത്തിന്റെ പേരില്‍ ഇടതുപാര്‍ട്ടികള്‍ തമ്മില്‍ ഭിന്നതിയില്ലെന്നും അദ്ദേഹം വിശദീകരണം നല്‍കിയിരുന്നു.

Top