ആലപ്പാടെ കരിമണല്‍ ഖനനത്തിനെതിരായ സമരം 250-ാം ദിവസത്തിലേക്ക് കടന്നു

ആലപ്പാട്; ആലപ്പാട് നടക്കുന്ന അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിനെതിരെ നടത്തി വന്നിരുന്ന അനിശ്ചിതകാല നിരാഹാര സമരം 250-ാം ദിവസത്തിലേക്ക് കടന്നു. പ്രദേശ വാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് സമര സമിതി.

പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎലും ഐആര്‍ഇഎലും വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഖനനം മൂലം ആലപ്പാടെന്ന ഗ്രാമം തന്നെ ഇല്ലാതായ സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതിരോധവുമായി രംഗത്തിറങ്ങിയത്.

മത്സ്യതൊഴിലാളികള്‍ തുടങ്ങി വച്ച ജനകീയ പ്രതിരോധം ശക്തമായതോടെ ലോകമറിയുന്ന പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ആലപ്പാടേക്ക് എത്തി. തുടക്കത്തില്‍ സമരത്തിന് നേരേ മുഖം തിരിച്ച അധികാരികള്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവുകയും അശാസ്ത്രീയ ഖനന പ്രവര്‍ത്തനങ്ങള്‍ നിറുത്താന്‍ ചര്‍ച്ചയില്‍ ധാരണയാവുകയും ചെയ്‌തെങ്കിലും തീരുമാനങ്ങള്‍ പിന്നാലെ അട്ടിമറിക്കപ്പെട്ടു.

Top