മാപ്പ് പറഞ്ഞ് അലന്‍സിയര്‍; ക്ഷമാപണത്തില്‍ കൃത്രിമമില്ലെങ്കില്‍ അംഗീകരിക്കുന്നുവെന്ന് ദിവ്യ ഗോപിനാഥ്

കൊച്ചി: നടി ദിവ്യ ഗോപിനാഥിനോട് മാപ്പ് പറഞ്ഞ് നടന്‍ അലന്‍സിയര്‍. നടി അലന്‍സിയറിനെതിരെ മുമ്പ് മീടൂ ആരോപണം ഉന്നയിക്കുകയും പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തന്റെ തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നും, ദിവ്യയോട് മാത്രമല്ല തന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ വ്യക്തമാക്കി.

‘താനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തു പോയ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുക’ അലന്‍സിയര്‍ പറഞ്ഞു. നടന്‍ തെറ്റ് അംഗീകരിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ദിവ്യ ഗോപിനാഥ് പ്രതികരിച്ചു. എന്നാല്‍ തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം അദ്ദേഹം തുടരരുത്. അതുകൊണ്ടാണ് പരസ്യമായി അലന്‍സിയര്‍ ക്ഷമ ചോദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടത്.

നാമെല്ലാവരും ഒരേ മേഖലയിലാണ് ജോലി ചെയ്യുന്നത് ആരോഗ്യകരമായ ഒരു ചുറ്റപാട് അവിടെയുണ്ടാകണം. സന്തോഷകരമായി ജോലി ചെയ്യാന്‍ സാധിക്കണം. അദ്ദേഹം മൂലമുണ്ടായ ദ്രോഹങ്ങള്‍ മനസിലാക്കുകയും കൃത്രിമമില്ലാതെയാണ് അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്തതെങ്കില്‍ താനത് അംഗീകരിക്കുന്നതായും ദിവ്യ പറഞ്ഞു. ഇനി ഈ കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ പറഞ്ഞു. ബുദ്ധിമുട്ടേറിയ സമയത്തും തന്റെ കൂടെ നിന്ന ഡബ്ല്യുസിസി അംഗങ്ങള്‍ക്കും കുടുംബത്തിനും ജസ്റ്റിസ് ഹേമ കമ്മീഷനും മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും ദിവ്യ നന്ദി അറിയിച്ചു.

Top