അലന്‍ ഷുഹൈബ് രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷയെഴുതി

കണ്ണൂര്‍: യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് മുഖേന എല്‍എല്‍ബി പരീക്ഷയെഴുതി. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ രണ്ടാം സെമസ്റ്റര്‍ നിയമ ബിരുദ പരീക്ഷയാണ് എഴുതിയത്. പാലയാട് ലീഗല്‍ സ്റ്റഡീസ് ക്യാമ്പസില്‍ നിയമബിരുദ വിദ്യാര്‍ത്ഥിയാണ് അലന്‍. മതിയായ ഹാജരടക്കം പരിഗണിച്ച് പരീക്ഷയെഴുതാനുള്ള ആവശ്യത്തെ സര്‍വ്വകലാശാലയും എതിര്‍ത്തില്ല. അതേ സമയം മതിയായ ഹാജരില്ലാത്തതിനാല്‍ മൂന്നാം സെമസ്റ്ററില്‍ നിന്ന് അലനെ പുറത്താക്കിയിരുന്നു.

മകന് പരീക്ഷയെഴുതാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് അലന്റെ അമ്മ സബിത മഠത്തില്‍ പ്രതികരിച്ചു. സിപിഎം പ്രവര്‍ത്തകരായിരുന്ന അലനെയും താഹയെയും നാല് മാസം മുമ്പാണ് കേരള പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തുന്നത്. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഉസ്മാന്‍ എന്നയാളുമായി ഇരുവരും സംസാരിച്ച് നില്‍ക്കുന്നത് കണ്ടെന്നും, പൊലീസിനെ കണ്ടപ്പോള്‍ മൂന്നാമനായ ഉസ്മാന്‍ ഓടി രക്ഷപ്പെട്ടെന്നുമായിരുന്നു പൊലീസ് ആരോപണം.

Top