ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും, പാര്‍ട്ടി കൂടെ ഉണ്ട്; അലന്റെ അമ്മ

കോഴിക്കോട്: മകന്റെ ജാമ്യത്തിന്റെ കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം എടുത്തതായി മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ അമ്മ സബിത പറഞ്ഞു. സെഷന്‍സ് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറാണെന്നായിരുന്നു സബിത പറഞ്ഞത്. പാര്‍ട്ടിയുമായി ആലോചിച്ചാണ് തീരുമാനത്തില്‍ എത്തിയത് എന്നും സബിത പറഞ്ഞു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്‍, താഹ എന്നീ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ വാദം തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. ഈ സാഹചര്യത്തിലാണ് മകന്റെ ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാനും തയ്യാറാണെന്ന് സബിത പറഞ്ഞത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവരുടെ പേരില്‍ പൊലീസ് കേസ് കെട്ടിച്ചമയ്ക്കാന്‍ ശ്രമിച്ചതാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എം.കെ. ദിനേശന്‍ വാദിച്ചു. ഇവര്‍ക്കെതിരേ മുന്‍പ് കേസൊന്നുമില്ല. മാവോവാദി ആശയങ്ങള്‍ വായിക്കുന്നത് കുറ്റമല്ല. യു.എ.പി.എ. വകുപ്പ് ചുമത്തിയ കേസ് തുടരാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നും ഇത് പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍, അങ്ങനെ ഒരു വിവരമില്ലെന്നും അക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. ജയകുമാര്‍ വാദിച്ചു. യു.എ.പി.എ. ചുമത്തിയാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം വാദിച്ചു. തുടര്‍ന്നാണ് വിധിപറയുന്നത് ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി എം.ആര്‍. അനിത ഇന്നത്തേക്ക് മാറ്റിയത്.

Top