ലൗ ജിഹാദ് കേസ്; അവരെ ഹിന്ദുവും മുസ്ലീമുമായി കാണുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ‘ലൗ ജിഹാദ്’ നിയമ നിര്‍മാണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. സലാമത്ത് അന്‍സാരി – പ്രിയങ്ക ദമ്പതികളുടെ ഹര്‍ജിയിലാണ് കോടതി സ്വരം കടുപ്പിച്ചത്. പ്രിയങ്കയെ മതം മാറ്റി സലാമത്ത് അന്‍സാരി വിവാഹം ചെയ്തുവെന്ന പ്രിയങ്കയുടെ പിതാവിന്റെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. ഞങ്ങളവരെ ഹിന്ദുവും മുസ്ലിമും ആയല്ല കാണുന്നതെന്നും വ്യക്തികളുടെ അവകാശത്തിനു മേല്‍ കടന്നുകയറാന്‍ മറ്റുള്ളവര്‍ക്കോ ഭരണകൂടത്തിനോ അവകാശമില്ലെന്നും ജസ്റ്റിസ് പങ്കജ് നഖ്വിയും ജസ്റ്റിസ് വിവേക് അഗര്‍വാളും അടങ്ങിയ അലഹബാദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

പ്രിയങ്കയെ തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനം ചെയ്തുവെന്ന പിതാവിന്റെ പരാതി വാസ്തവ വിരുദ്ധമാണെന്നും ദമ്പതികള്‍ സന്തോഷപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് അവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരാണെങ്കില്‍ പോലും ഒരുമിച്ച് ജീവിക്കാന്‍ നിയമപരമായ അവകാശമുണ്ട്. വ്യക്തികളുടെ അവകാശത്തിനു മേല്‍ കടന്നുകയറാന്‍ മറ്റു വ്യക്തികള്‍ക്കോ ഭരണകൂടത്തിനോ യാതൊരു തരത്തിലുള്ള അവകാശമില്ലെന്നും കോടതി പറഞ്ഞു.

അതേസമയം ഉത്തര്‍പ്രദേശിലെ 14 മിശ്ര വിവാഹങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ‘ലൗ ജിഹാദി’ല്ലെന്ന് യുപി പൊലീസും വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെ പാടെ തള്ളിക്കളയുന്നതാണ് കാണ്‍പൂര്‍ പൊലീസിന്റെ റിപ്പോര്‍ട്ട്.

Top