ഉപരോധം തുടരുമ്പോഴും ലോകകപ്പ് പദ്ധതികള്‍ പുരോഗമിക്കുന്നതായി അല്‍ തവാദി

ദോഹ : ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം തുടരുമ്പോഴും 2022 ലോകകപ്പ് പദ്ധതികള്‍ പുരോഗമിക്കുക തന്നെയാണെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി.

ദേശീയദിനത്തോട് അനുബന്ധിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിശ്ചിത ഷെഡ്യൂള്‍ പ്രകാരം പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് 2022 ഫിഫ ലോകകപ്പിന് ആതിഥേയരാകാനും രാജ്യം തയ്യാറെടുത്തു കഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി.

ആദ്യ സ്റ്റേഡിയമായ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം പൂര്‍ത്തിയായി കഴിഞ്ഞെന്നും, അവശേഷിക്കുന്ന ഏഴ് സ്റ്റേഡിയങ്ങള്‍ 2020ഓടെ തന്നെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളെയോ, സാധാരണ ജീവിതത്തെയോ ഉപരോധം ബാധിച്ചിട്ടില്ലെന്നും,എല്ലാ പ്രവര്‍ത്തനങ്ങളും ഷെഡ്യൂള്‍ പ്രകാരം പുരോഗമിക്കുകയാണെന്നും, രാജ്യം ശക്തമാണെന്നും ഒരു തരത്തിലുള്ള ഉപരോധവും രാജ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top