ഗസ്സയിലെ അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ പ്രതിരോധ സേന ഉടന്‍ റെയ്ഡ് ചെയ്തേക്കും

ഗസ്സ: ഗസ്സയിലെ അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ പ്രതിരോധ സേന ഉടന്‍ റെയ്ഡ് ചെയ്തേക്കുമെന്ന് സൂചന. ആരും ജനാലകള്‍ക്ക് അരികില്‍ നില്‍ക്കരുതെന്ന് മുന്നറിയിപ്പ് ലഭിച്ചതായി ഗസ്സയിലെ ആരോഗ്യ വിഭാഗം അറിയിച്ചു. ഗസ്സയിലെ പ്രധാനപ്പെട്ട ആശുപത്രി റെയ്ഡ് ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ വിവിധ ലോകരാജ്യങ്ങളും ആശങ്കയിലാണ്.

അതേസമയം അല്‍ഷിഫ ആശുപത്രിയെ ഹമാസ് മനുഷ്യ കവചമാക്കിയത് യുദ്ധക്കുറ്റമാണെന്ന് അമേരിക്ക ആവര്‍ത്തിച്ചു. ഹമാസിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് അമേരിക്ക നിലപാട് ആവര്‍ത്തിച്ചത്.

അല്‍ ഷിഫ ആശുപത്രി ഹമാസ് അവരുടെ കമാന്റ് കേന്ദ്രമായി മാറ്റിയിരിക്കുന്നുവെന്ന ആരോപണം ഇസ്രയേല്‍ ആവര്‍ത്തിക്കുകയാണ്. ആശുപത്രിയിലുള്ള 2300 പേരില്‍ ഇന്‍ക്യുബേറ്റര്‍ സഹായം ആവശ്യമുള്ള നവജാത ശിശുക്കളും പ്രത്യേക പരിചരണമാവശ്യമുള്ള രോഗികളുമുണ്ട്. 36 നവജാതശിശുക്കളെങ്കിലും ആശുപത്രിയിലുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന കണക്ക്. ആശുപത്രിയിലെ ഇന്ധനം ഉള്‍പ്പെടെ തീര്‍ന്നതോടെ ഇതുവരെ മൂന്ന് നവജാതശിശുക്കളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കൃത്യമായി സൂക്ഷിക്കാനോ സംസ്‌കരിക്കാനോ പോലും പറ്റാത്ത അവസ്ഥയാണെന്നും അനസ്തേഷ്യ നല്‍കാതെ സര്‍ജറികള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top