ഖത്തര്‍ കടല്‍വഴിയുള്ള ചരക്ക് ഗതാഗതം ശക്തമാക്കുന്നു

ത്തര്‍ കടല്‍വഴിയുള്ള ചരക്ക് ഗതാഗതം ശക്തമാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ തുറമുഖങ്ങളിലൊന്നായ റുവൈസ് തുറമുഖം വികസിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. പ്രതിവര്‍ഷം ഇരുപതിനായിരം കണ്ടെയ്‌നറുകള്‍ സ്വീകരിക്കാന്‍ പറ്റുന്ന തലത്തിലേക്കാണ് റുവൈസ് തുറമുഖം വികസിപ്പിക്കുന്നത്.

പ്രാദേശിക തുറമുഖമെന്നതില്‍ നിന്ന് രാജ്യാന്തര തുറമുഖമായി അല്‍ റുവൈസിനെ വളര്‍ത്തുകയാണ് ഖത്തറിന്റെ ലക്ഷ്യം. കൂടാതെ അല്‍ താഖിറ, അല്‍ വക്‌റ, അല്‍ ഖോര്‍ തുറമുഖങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

ഖത്തറിന്റെ ഭാവി വികസനത്തില്‍ പ്രധാന പങ്ക് വഹിക്കാനുതകുന്നതായിരിക്കും അല്‍ റുവൈസ് തുറമുഖമെന്ന് പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ അല്‍ത്താനി പറഞ്ഞു. തുറമുഖം സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുറമുഖ വികസനം പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ തന്നെ ഏറ്റവും വലിയ സംഭരണ കേന്ദ്രമായി അല്‍ റുവൈസ് മാറുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തിയും പറഞ്ഞു.

അല്‍ റുവൈസ് തുറമുഖത്തിന് ആഭ്യന്തര വിപണിയുടെ ആവശ്യങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ഒരു പരിധി വരെ സാധിച്ചിട്ടുണ്ടെന്ന് പോര്‍ട്ട് അതോറിറ്റി സിഇഒ ക്യാപ്റ്റന്‍ അബ്തുള്ള അല്‍ഖന്‍ജി അഭിപ്രായപ്പെട്ടു. തുറമുഖത്തെ കപ്പല്‍ ചാലുകള്‍ക്ക് ആഴം കൂട്ടുന്നതിനാണ് പുതിയ ഘട്ട വികസപ്രവര്‍ത്തികളില്‍ പ്രധാന ഊന്നല്‍. അതുവഴി വലിയ കാര്‍ഗോ കപ്പലുകളെ ഉള്‍ക്കൊള്ളാനാകും.

Top