ഇന്ത്യന്‍ അല്‍ഖ്വയ്ദ രാജ്യത്തിന് ഭീഷണിയെന്ന് ഐക്യരാഷ്ട്രസഭാ പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ആഗോള ഭീകര സംഘടന അല്‍-ഖ്വയിദയുടെ ഇന്ത്യന്‍ ഘടകം ‘അല്‍-ഖ്വയിദ ഇന്‍ ദ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ്’ (എക്യുഐഎസ്) ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. മേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിച്ചതിനാല്‍ പുറത്തുള്ള മറ്റ് സംഘടനകളില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്ന ഇന്ത്യന്‍ അല്‍-ഖ്വയിദ സുരക്ഷാ വീഴ്ചകള്‍ക്കും ആക്രമണ അവസരങ്ങള്‍ക്കുമായി കാത്തിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ സംഘം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സമര്‍പ്പിച്ച 22ാമത് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഇന്ത്യയില്‍ സംഘടന ദുര്‍ബലമാണെങ്കിലും അഫ്ഗാനിസ്ഥാനിലെ ലഗ്മന്‍, പക്ടികാ, കാണ്ഡഹാര്‍, ഗസ്‌നി, സാബൂള്‍ പ്രവിശ്യകളിലായി നൂറ് കണക്കിന് ആള്‍ക്കാര്‍ സംഘടനയിലുണ്ടെന്നാണ് വിലയിരുത്തല്‍.

തെക്കന്‍ ഏഷ്യയില്‍ ഇപ്പോഴും ശക്തമായ സ്വാധീനം ചെലുത്തുന്ന അല്‍ഖൈദ പ്രാദേശികസാഹചര്യങ്ങളിലേക്ക് ഇഴുകിച്ചേരുന്നു. പ്രാദേശിക കലാപങ്ങളിലും സമൂഹങ്ങളിലും ഇടപെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

നിലവില്‍ ഇസ്ലാമിക് സ്റ്റേറ്റ് കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ ശക്തമായ പ്രത്യയശാസ്ത്രവും നിയമങ്ങളും ഉള്‍ക്കൊള്ളുന്ന അല്‍ഖൈദ തന്നെയാണ് അപകടകാരിയെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

അയ്മാന്‍ അല്‍-സവാഹിരിയും ബിന്‍ലാദന്റെ മകന്‍ ഹംസാ ബിന്‍ ലാദനും അടക്കമുള്ള ചില നേതാക്കള്‍ അഫ്ഗാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തികളില്‍ കഴിയുന്നു. അല്‍ഖൈദാ നേതൃത്വത്തിലെ ബാക്കിയുള്ളവര്‍ കുടുതല്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

20,000ത്തിനും 30,000ത്തിനും ഇടയില്‍ ഐഎസ് തീവ്രവാദികള്‍ ഇറാഖിലും സിറിയയിലുമുണ്ട്. വിദേശത്ത് നിന്നുമെത്തിയവരില്‍ നല്ലോരു ശതമാനവും ഇപ്പോഴും ഇവിടങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ ആറ് മാസം കൂടുമ്പോഴും തീവ്രവാദ സംഘടനകളെ നിരീക്ഷിക്കുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സമിതി ഇത്തരം റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാറുണ്ട്.

കാബൂളിലും ജലാലാബാദിലും ഐഎസ്‌ഐഎസിന് സ്ലീപ്പിംങ് സെല്ലുകളുണ്ട്. ഇവര്‍ വലിയ ആക്രമണങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ ഐഎസ് അംഗങ്ങള്‍ ഇറാഖില്‍ ഇപ്പോഴുമുണ്ട്. വിദേശ രാജ്യങ്ങളിലെ സംഘടനയുടെ ചരട് വലികളില്‍ ഇവര്‍ക്ക് പങ്കുണ്ട്. ഓരോ ആറ് മാസത്തിലും യുഎന്നിന്റെ നിരീക്ഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Top