അല്‍ഖ്വയ്ദ ബന്ധം; പത്തിലധികം പേരെ തിരിച്ചറിഞ്ഞെന്ന് എന്‍ഐഎ

കൊച്ചി: ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട അല്‍ ഖ്വയ്ദ സംഘടനയിലെ പത്തിലധികം പേരെ ദേശീയ അന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞു. കൊച്ചിയില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസനാണ് ഈ സംഘത്തിലെ പ്രധാനികളില്‍ ഒരാളെന്നും എന്‍ഐഎ വ്യക്തമാക്കി. പ്രതികളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. അതേസമയം എറണാകുളം ജില്ലയില്‍ കേരളാ പൊലീസും അതിഥി തൊഴിലാളികള്‍ക്കിടയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നുമായി 9 പേരെയാണ് എന്‍ഐഎ ഇന്നലെ പിടികൂടിയത്. ഈ സംഘത്തിലെ പ്രധാനിയാണ് കളമശ്ശേരിക്ക് സമീപത്തെ പാതാളത്തു നിന്ന് അറസ്റ്റിലായ മുര്‍ഷിദ് ഹസന്‍. കൊച്ചി എന്‍ഐഎ കോടതിയുടെ ട്രാന്‍സിറ്റ് വാറണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യവ്യാപകമായി സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഇതിനായി പണം കണ്ടെത്താനും കൂടുതല്‍ പേരെ അല്‍ ഖ്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്യാനും ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന സൂചനയും ദേശീയ അന്വേഷണ ഏജന്‍സി നല്‍കുന്നു. ഈ സാഹചര്യത്തിലാണ് കേരളാ പൊലീസ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാപക പരിശോധന നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ മുഴുവന്‍ തൊഴിലാളികളുടേയും വിവരം ശേഖരിക്കുകയാണ് പൊലീസ്.

Top