സൗദി പ്രോ ലീഗില്‍ അല്‍ നസറിന് സമനില കുരുക്ക്

റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ നസറിന് സമനില കുരുക്ക്. ലീഗിലെ അവസാന സ്ഥാനക്കാരായ അല്‍ ഹസമിനോടാണ് അല്‍ നസര്‍ സമനില വഴങ്ങിയത്. വിലക്ക് മൂലം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് അല്‍ നസര്‍ സ്വന്തം തട്ടകത്തില്‍ ഇറങ്ങിയത്. മത്സരത്തില്‍ ഇരുടീമുകളും നാല് ഗോളുകളടിച്ച് പിരിഞ്ഞു.

22 മത്സരങ്ങളില്‍ നിന്ന് 53 പോയിന്റുമായി രണ്ടാമത് തന്നെ തുടരുകയാണ് അല്‍ നസര്‍. ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായി ആറ് പോയിന്റ് വ്യത്യാസമാണ് അല്‍ നസറിനുള്ളത്. സമനില നേടിയെങ്കിലും അല്‍ ഹസം ലീഗില്‍ അവസാന സ്ഥാനത്ത് തന്നെ തുടരുകയാണ്.ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റില്‍ അല്‍ നസറിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുക്കാന്‍ വന്ന സാദിയോ മാനെയ്ക്ക് ലക്ഷ്യം പിഴച്ചില്ല. അല്‍ നസര്‍ വീണ്ടും മുന്നില്‍. എന്നാല്‍ ആ ലീഡും അധികസമയം നിലനിന്നില്ല. ഇഞ്ച്വറി ടൈമിന്റെ ഒന്‍പതാം മിനിറ്റില്‍ പൗലോ റിക്കാര്‍ഡോയിലൂടെ അല്‍ ഹസം വീണ്ടും സമനില പിടിച്ചതോടെ അല്‍ നസര്‍ വിജയം കൈവിട്ടു.

അല്‍ നസറിനായി ടാലിസ്‌ക ഹാട്രിക് നേടി തിളങ്ങിയെങ്കിലും വിജയം നേടാനായില്ല. അടിയും തിരിച്ചടിയും കണ്ട മത്സരത്തില്‍ സാദിയോ മാനെയും അല്‍ നസറിന് വേണ്ടി ഗോള്‍ നേടി. 31-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ടാലിസ്‌ക ഗോളടി തുടങ്ങിയത്. 53-ാം മിനിറ്റില്‍ അഹ്‌മദ് അല്‍ മുഹമ്മദിലൂടെ അല്‍ ഹസം സമനില പിടിച്ചു. 61-ാം മിനിറ്റില്‍ ടാലിസ്‌ക രണ്ടാം ഗോള്‍ നേടി. 66-ാം മിനിറ്റില്‍ ടോസെയിലൂടെ വീണ്ടും സമനില. 71-ാം മിനിറ്റില്‍ ടാലിസ്‌ക തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. 84-ാം മിനിറ്റില്‍ ഫായിസ് സെലിമാനി അല്‍ ഹസമിനെ വീണ്ടും ഒപ്പമെത്തിച്ചു.

Top