ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍ അല്‍ നസ്സര്‍ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് സെമിയില്‍

സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍ അല്‍ നസ്സര്‍ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പിന്റെ സെമിയില്‍. മൊറോക്കന്‍ ക്ലബ് രാജ സിഎയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് CR7ന്റെ ടീം തകര്‍ത്തത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ റൊണാള്‍ഡോ നേടിയ ലേറ്റ് ഗോളിലൂടെയായിരുന്നു അല്‍ നസ്സര്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കിയത്.

മത്സരത്തിന്റെ 19 ആം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് അല്‍ നസ്സറിന് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ടാലിസ്‌ക ബോക്‌സിന് മുന്നിലേക്ക് നല്‍കിയ തകര്‍പ്പന്‍ പാസില്‍ നിന്നായിരുന്നു ക്രിസ്റ്റിയാനോയുടെ കിടിലന്‍ സ്‌ട്രൈക്ക്. രാജ സിഎക്കെതിരെ 29 ആം മിനിറ്റിലായിരുന്നു അല്‍ നസ്സറിന്റെ രണ്ടാം ഗോള്‍. സുല്‍ത്താന്‍ അല്‍ ഗനമാണ് സ്‌കോര്‍ ചെയ്തത്. 38 ആം മിനിറ്റില്‍ അല്‍ നസ്സര്‍ മൂന്നാം ഗോള്‍ സ്വന്തമാക്കി വിജയം ഉറപ്പിക്കുകയായിരുന്നു.

41 ആം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ മൊറോക്കന്‍ ക്ലബ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും അല്‍ നസ്സര്‍ കുലുങ്ങിയില്ല. അല്‍ നസ്സര്‍ അടുത്തിടെ സൈന്‍ ചെയ്ത സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെയും മത്സരത്തില്‍ ഇറങ്ങിയിരുന്നു. അറബ് ക്ലബ് ചാമ്ബ്യന്‍സ് കപ്പിന്റെ സെമിയില്‍ ഇറാഖി ക്ലബ് അല്‍ ഷോര്‍തെയാണ് അല്‍ നസ്സറിന്റെ എതിരാളികള്‍. ബുധനാഴ്ചയാണ് സെമി പോരാട്ടം.

Top