‘അല്‍ ഹിലാല്‍ നിനക്ക് എന്നെ കൊണ്ടുപോകാം’: അല്‍ ഹിലാല്‍ ഓഫറില്‍ രസകരമായി പ്രതികരിച്ച് എംബാപ്പെ

പാരീസ്: സൗദി പ്രൊ ലീഗ് ക്ലബായ അല്‍-ഹിലാലിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് കിലിയന്‍ എംബാപ്പെ. ട്വിറ്ററിലൂടെയാണ് പി.എസ്.ജിയുടെ സൂപ്പര്‍താരത്തിന്റെ രസകരമായ പ്രതികരണം.എംബാപ്പെയുടെ രൂപത്തിന് സമാനമാണെന്ന് അവകാശപ്പെടുന്ന എന്‍.ബി.എ സ്റ്റാര്‍ ജിയാനിസ് ആന്ററ്റോകൗണ്‍പോ എന്നയാളുടെ ട്വീറ്റ് പങ്കുവെച്ചാണ് എംബാപെയുടെ മറുപടി നല്‍കിയത്.

‘അല്‍ ഹിലാല്‍ നിനക്ക് എന്നെ കൊണ്ടുപോകാം. ഞാന്‍ കിലിയന്‍ എംബാപ്പെയെപ്പോലെയാണ്,’ ആന്ററ്റോകൗണ്‍മ്പോ ട്വീറ്റ് ചെയ്തു.ചിരിക്കുന്ന ഇമോജികള്‍ ഉപയോഗിച്ച് പോസ്റ്റ് റീട്വീറ്റ് ചെയ്താണ് എംബാപ്പെ ആദ്യമായി അല്‍ ഹിലാല്‍ വാര്‍ത്തകളോട് പ്രതികരിച്ചത്.

വര്‍ഷം 200 ദശലക്ഷം യൂറോ (173.2 മില്യണ്‍ പൗണ്ട്) ആണ് സൗദി പ്രോ ലീഗിലെ പ്രമുഖ ക്ലബുകളിലൊന്നായ അല്‍ ഹിലാല്‍ മുന്നോട്ട് വെച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിന് ശേഷം വേണമെങ്കില്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള പ്രത്യേക റിലീസ് ക്ലോസ് ഉള്‍പ്പെടെയുള്ളതാണ് ഓഫര്‍.

ക്ലബ് മാറ്റ ചര്‍ച്ചകളില്‍ തീരുമാനമാകാത്തതിനാല്‍ എംബാപ്പെയെ മാറ്റിനിര്‍ത്തി പ്രീ സീസണ്‍ മത്സരങ്ങള്‍ക്കുള്ള നിരയെ പി.എസ്.ജി പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം കൂടി പി.എസ്.ജിയില്‍ തുടര്‍ന്ന് അടുത്ത വര്‍ഷം ഫ്രീ ട്രാന്‍സ്ഫറില്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കാറാനാണ് എംബാപ്പെയുടെ നീക്കം.

എന്നാല്‍, കരാര്‍ നീട്ടുകയോ ക്ലബ് വിടുകയോ ചെയ്യണമെന്ന് പി.എസ്.ജി മാനേജ്‌മെന്റ് 24കാരന് അന്ത്യശാസനം നല്‍കിയിരുന്നു. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരം ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ് വിടുന്നത് വന്‍ നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് മാനേജ്‌മെന്റിന്റെ കടുത്ത മുന്നറിയിപ്പ്. 2017ല്‍ റെക്കോഡ് തുകക്കാണ് താരം പി.എസ്.ജിയിലെത്തിയത്. 260 കളികളിലായി 210 ഗോള്‍ നേടിയിട്ടുണ്ട്.

 

Top