തത്സമയ പരിപാടിക്കിടെ രാജി വെച്ച്,സ്ഥലം വിട്ട് അക്തർ; 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചാനൽ

ഇസ്ലാമാബാദ്: ട്വന്റി-20 ലോകകപ്പ് മത്സരം വിശകലനം ചെയ്യുന്ന തത്സമയ പരിപാടിക്കിടെ പാനലിസ്റ്റ് സ്ഥാനം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തറിന് ചാനല്‍ 10 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചു.

പാക്കിസ്താന്‍ ടെലിവിഷന്‍ കോര്‍പറേഷന്‍ (പി.ടി.വി) ആണ് നോട്ടീസ് അയച്ചത്. ‘ഗെയിം ഓണ്‍ ഹെ’ എന്ന ചാനലിലെ ലൈവ് പരിപാടിക്കിടെ അവതാരകന്‍ നൗമാന്‍ നിയാസുമായുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് അക്തര്‍ രാജി പ്രഖ്യാപിച്ച് പരിപാടി മുഴുമിപ്പിക്കാതെ സ്ഥലം വിട്ടത്. സംഭവം കരാര്‍ ലംഘനമാണെന്നും പി.ടി.വിക്ക് ഇത് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയെന്നും അക്തറിനയച്ച നോട്ടീസില്‍ പറയുന്നു.

മൂന്ന് മാസത്തെ ശമ്പളമായ 33.33 ലക്ഷം രൂപ താരം തിരിച്ചടക്കണമെന്നും ചാനല്‍ ആവശ്യപ്പെട്ടു. കരാര്‍ കാലയളവില്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങിനൊപ്പം ഇന്ത്യന്‍ ചാനലില്‍ അക്തര്‍ പരിപാടിയില്‍ പങ്കടുത്തതും പി.ടി.വി ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ചാനലിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും തന്റെ അഭിഭാഷകന്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അക്തര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

 

Top