ഇന്ന് അക്ഷയതൃതീയ; കടകള്‍ തുറക്കാന്‍ നിര്‍വ്വാഹമില്ല; ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ജ്വല്ലറികള്‍

കൊച്ചി: ഇന്ന് വീണ്ടുമൊരു അക്ഷയ തൃതീയ. സ്വര്‍ണത്തിന് ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന ഈ ദിവസത്തിലും സ്വര്‍ണക്കടകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ പകരം സംവിധാനമൊരുക്കി ജ്വല്ലറികള്‍. ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങാനുള്ള അവസരമാണ് ജ്വല്ലറികള്‍ ഇക്കുറി നല്‍കുന്നത്.

കഴിഞ്ഞവര്‍ഷം കേരളത്തില്‍ ആറായിരം കോടിയുടെ സ്വര്‍ണമാണ് അക്ഷയതൃതീയ ദിനത്തില്‍ മാത്രം വിറ്റുപോയത്. എന്നാല്‍ ഇക്കുറി കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ വന്നതോടെ സ്വര്‍ണവ്യാപാരസ്ഥാപനങ്ങള്‍ തുറക്കാനാകാത്ത സ്ഥിതിയാണ്. ഇതോടെയാണ് ഓണ്‍ലൈനിലൂടെ സ്വര്‍ണം വില്‍ക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.

വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴിയും ഫോണ്‍ വഴിയും ജ്വല്ലറികളുടെ വെബ്‌സൈറ്റുകളിലൂടെയും ഓണ്‍ലൈന്‍ ബുക്കിംഗിന് സൗകര്യമുണ്ട്. ലോക്ക് ഡൗണിന് ശേഷം ജ്വല്ലറികള്‍ തുറക്കുമ്പോള്‍ ബുക്ക് ചെയ്ത സ്വര്‍ണം ലഭിക്കും. ലോക്ക് ഡൗണും വിപണിയിലെ മാന്ദ്യവും കാരണം പ്രമുഖ വ്യാപാരികള്‍ സ്വര്‍ണം ഗ്രാമിന് 50 രൂപ വരെ വില കുറച്ചാണ് അക്ഷയതൃതീയയ്ക്ക് വില്‍ക്കുന്നത്. കൂടാതെ ഗിഫ്റ്റ് വൗച്ചറുകളും ക്യാഷ് ബാക്ക് ഓഫറും പല ജ്വല്ലറികളും മുന്നോട്ട് വയ്ക്കുന്നുണ്ട്. ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും സ്വര്‍ണക്കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതിയില്ലാത്തത് ഈ മേഖലയ്ക്ക് തിരിച്ചടിയാകുകയാണ്.

Top