ഡല്‍ഹിയിലെ മലിനീകരണം ജീവന്‍ എടുക്കുന്നു, പിന്നെന്തിനാണ് വധശിക്ഷ; നിര്‍ഭയ കേസ് പ്രതി

ന്യൂഡല്‍ഹി : വധശിക്ഷ ശരിവച്ച വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ സുപ്രീം കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കി. ഡല്‍ഹിയില്‍ വായുവും വെള്ളവും മലിനമായതിനാല്‍ ആയുസ്സ് കുറയുന്നവെന്നും പിന്നെന്തിനാണ് വധശിക്ഷ നടപ്പാക്കുന്നതെന്നും
ഹര്‍ജിയില്‍ പറയുന്നു.

കേസിലെ പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരുടെ പുന: പരിശോധന ഹര്‍ജി നേരത്തെ തള്ളിയിരുന്നു.

അതേസമയം നിര്‍ഭയാ കേസിലെ പ്രതികളെ അടുത്ത ആഴ്ച തൂക്കിലേറ്റുമെന്ന് സൂചനകളുയരുന്നുണ്ട്. നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന് ഏഴ് വര്‍ഷം തികയുന്ന ദിനമായ അടുത്ത തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രതികളെ തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഹാറിലെ ബക്സര്‍ ജില്ലയിലെ ജയില്‍ അധികൃതര്‍ക്ക് 10 തൂക്കുകയറുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം ലഭിച്ചു.ഡിസംബര്‍ 14-ന് മുമ്പ് തൂക്കു കയര്‍ തയ്യാറാക്കി നല്‍കണമെന്ന് തങ്ങള്‍ക്ക് ജയില്‍ ഡയറക്ടറേറ്റില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി ബുക്സര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ അറിയിച്ചു.വര്‍ഷങ്ങളായി തൂക്കുകയറുകള്‍ നിര്‍മിക്കുന്നത് ബക്സര്‍ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു തൂക്കുകയര്‍ നിര്‍മിക്കാന്‍ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടിവരും. വളരെ കുറച്ചു മാത്രം യന്ത്രസഹായമേ കയര്‍ നിര്‍മാണത്തിന് ഉപയോഗിക്കാറുള്ളു. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റാനുള്ള കയര്‍ തയ്യാറാക്കിയത് ബുക്സര്‍ ജയിലില്‍ നിന്നായിരുന്നു. അവസാനമായി തയ്യാറാക്കിയ ഒരു തൂക്കു കയറിന് ലഭിച്ചത് 1725 രൂപയാണെന്നും വിജയ് കുമാര്‍ അറോറ പറഞ്ഞു.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മം പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

Top