ദില്‍ ബേച്ചാരയുടെ റെക്കോര്‍ഡ് ഭേദിച്ച്‌ അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി

രാഘവ ലോറൻസ് സംവിധാനം ചെയ്യുകയും നായകവേഷത്തിലെത്തുകയും ചെയ്ത തമിഴ് ചിത്രമാണ് കാഞ്ചന. കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി. അക്ഷയ് കുമാറാണ് ലക്ഷ്മിയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . രാഘവ ലോറന്‍സ് തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്തിരിക്കുന്നത്. കിയാര അദ്വാനിയാണ് ലക്ഷ്മിയിലെ നായിക.

അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ അവസാന ചിത്രമായ ദില്‍ ബേച്ചാരയുടെ റെക്കോര്‍ഡാണ് ലക്ഷ്മി ഭേദിച്ചിരിക്കുന്നത്. നവംബര്‍ 9 നാണ് ചിത്രം റിലീസ് ചെയ്തത്. ഡിസ്നി+ഹോട്സ്റ്റാറില്‍ റിലീസ് ആയി ആദ്യ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ചിത്രമെന്ന റെക്കോര്‍ഡാണ് ലക്ഷ്മി മറികടന്നത്. നേരത്തേ ഈ റെക്കോര്‍ഡ് ദില്‍ ബേച്ചാരയ്ക്കായിരുന്നു. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചത്.

ലക്ഷ്മി ബോംബ് എന്നായിരുന്നു ചിത്രത്തിന് ആദ്യം പേര് നൽകിയിരുന്നത്. പേരിലൂടെ ദേവിയെ അപമാനിക്കുന്നു എന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പേരിനൊപ്പമുള്ള ബോംബ് എടുത്തു മാറ്റിയത്. ക്യാപ്പ് ഓഫ് ഗുഡ് ഫിലിംസ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, തുഷാര്‍ എന്റര്‍ടൈന്‍മെന്റ് ഹൌസ്, ഷമിനാ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിലെ അക്ഷയ് കുമാറിന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Top