ഒ.ടി.ടി റിലീസ്​; അക്ഷയ്കുമാറിന്റെ ‘ലക്ഷ്​മി ബോംബ്’​​ ഹോട്​സ്റ്റാറിന്​ വിറ്റത്​​ 125 കോടിയ്ക്ക്‌

ന്യൂഡല്‍ഹി: കോവിഡും ലോക്ക്ഡൗണും മൂലം സിനിമ മേഖല സ്തംഭിച്ചിരിക്കുകയാണ്. അതിനാല്‍ മിക്ക ചിത്രങ്ങളും ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാറിന്റെ ലക്ഷ്മി ബോംബും നേരിട്ട ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം,ഇതുവരെ ഒരു ഇന്ത്യന്‍ ചിത്രത്തിന് പോലും ലഭിക്കാത്ത ഭീമന്‍ തുകയാണ് ഹോട്ട്സ്റ്റാര്‍ ലക്ഷ്മി ബോംബ് നിര്‍മാതാക്കള്‍ക്ക് നല്‍കിയതെന്നാണ് വിവരം.

125 കോടി രൂപ നല്‍കിയാണ് സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ഡിസ്‌നി സ്വന്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുവെ 60 മുതല്‍ 70കോടി വരെയാണ് ഡിജിറ്റല്‍ സ്ട്രീമിങ് അവകാശമായി പരമാവധി നിര്‍മാതാക്കള്‍ക്ക് ലഭിച്ചിരുന്നത്. അതും വമ്പന്‍ ബജറ്റിലെത്തുന്ന ബോളിവുഡ് സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് മാത്രം. എന്നാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണ് അത്രയും തുക നല്‍കാന്‍ ഡിസ്‌നി സന്നദ്ധമായത്.

ലോക്ക് ഡൗണില്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഓണ്‍ലൈന്‍ റിലീസ് മാത്രം പോംവഴിയായി കണ്ട നിര്‍മ്മാതാക്കള്‍ 100 കോടിക്ക് മുകളില്‍ ഡിജിറ്റല്‍ റൈറ്റ്‌സായി അവശ്യപ്പെടുകയായിരുന്നു. അക്ഷയ് കുമാര്‍ നായകനായതിനാലും ബോക്‌സ്ഓഫീസില്‍ 200 കോടിക്ക് മുകളില്‍ കളക്ഷന് വരാന് സാധ്യതയുള്ള ചിത്രമായത് കൊണ്ടും നിര്‍മാതാക്കള്‍ വിലപേശുകയായിരുന്നു.

ഈദ് റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം സല്‍മാന്‍ ഖാന്റെ ‘രാധെ’ എന്ന ചിത്രവുമായിട്ടായിരുന്നു തിയറ്ററില്‍ മത്സരിക്കേണ്ടിയിരുന്നത്. ചിത്രം ഓണ്‍ലൈനില്‍ മാത്രമായി റിലീസ് ചെയ്യുന്ന കാര്യത്തില്‍ അണിയറക്കാര്‍ നിലവില്‍ പ്രതികരിച്ചിട്ടില്ല. ഒരു സിനിമയുമായി ബന്ധപ്പെട്ട ട്രേഡ് സോഴ്‌സ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇനിയും ബാക്കിയുള്ളതിനാല്‍ റിലീസ് വൈകിയേക്കുമെന്നും സൂചനയുണ്ട്.

2011ല്‍ പുറത്തിറങ്ങിയ തമിഴ് ഹൊറര്‍ കോമഡി ചിത്രമായ ‘മുനി 2: കാഞ്ചന’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. കിയാര അദ്വാനിയാണ് നായികയായെത്തുന്നത്.

Top