മുകളിലിരുന്ന് അമ്മ എനിക്കായി ഹാപ്പി ബര്‍ത്ത്‌ഡേ പാടുന്നുണ്ടാകാം.. അമ്മ ഒപ്പമില്ലാത്ത അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിവസം

ക്കഴിഞ്ഞ ബുധനാഴ്ച ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് വളരെ കഠിനമായൊരു ദിവസമായിരുന്നു. പ്രാര്‍ഥനയും പ്രതീക്ഷയും വിഫലമാക്കി തന്റെ പ്രിയപ്പെട്ട അമ്മ വേര്‍പിരിഞ്ഞെങ്കിലും അച്ഛനോടൊപ്പം അമ്മ വീണ്ടും ഒത്തുചേര്‍ന്നിരിക്കാം എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.

എന്നാല്‍, അമ്മയുടെ വിയോഗത്തിന് തൊട്ടടുത്ത ദിവസം അക്ഷയ് കുമാറിന്റെ 54-ാം ജന്മദിനമാണ്. അമ്മയില്ലാത്ത ആദ്യ ദിവസവും, അദ്യ പിറന്നാളും. അമ്മയുടെ മരണത്തിന് തൊട്ടടുത്ത ദിവസം, ജന്മദിനത്തില്‍ താരം പങ്കുവെച്ച കുറിപ്പാണ് ആരാധകരുടെ ഹൃദയം കവരുന്നത്. ഇങ്ങനെയൊന്നും ഈ ദിവസം ആകണമെന്ന് വിചാരിച്ചില്ലെങ്കിലും, അമ്മ മുകളിലിരുന്ന് തനിക്കായി ഹാപ്പി ബര്‍ത്ത്‌ഡേ പാടുന്നുണ്ടാകാം എന്നാണ് അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചത്.

അക്ഷയ് കുമാറിന്റെ കുറിപ്പ്

‘ഇതേ രീതിയിലുള്ള പിറന്നാള്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല, പക്ഷേ എനിക്ക് അറിയാം മുകളിലിരുന്ന് അമ്മ എനിക്കായി ഹാപ്പി ബര്‍ത്ത്‌ഡേ പാടുന്നുണ്ടെന്ന്. ആദരാഞ്ജലികള്‍ക്കും ആശംസകള്‍ക്കും ഒരുപോലെ നിങ്ങള്‍ ഓരോരുത്തരോടും നന്ദി പറയുന്നു. ജീവിതം മുന്നോട്ടുതന്നെ പോകും,’ അക്ഷയ് കുമാര്‍ ട്വീറ്റില്‍ പറഞ്ഞു. അമ്മയില്‍ നിന്നും ചുംബനം സ്വീകരിക്കുന്ന ഒരു ഓര്‍മ ചിത്രവും നടന്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുംബൈയിലെ ഹിരചന്ദാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ ബുധനാഴ്ചയാണ് അന്തരിച്ചത്. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ യുകെയില്‍ ഷൂട്ടിങ്ങിലായിരുന്ന അക്ഷയ് കുമാര്‍ നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

 

Top