അക്ഷയ് കുമാറിന്റെ ബെൽബോട്ടം ഷൂട്ടിംഗ് പൂർത്തിയായി ;ചിത്രത്തിന് പുതിയ റെക്കോർഡ്

ക്ഷയ് കുമാർ നായകനായി എത്തുന്ന ‘ബെൽബോട്ടം’ എന്ന ചിത്രം പുതിയ റെക്കോർഡ് കുറിച്ചുകൊണ്ട് ചിത്രീകരണം പൂർത്തിയാക്കി. കോവിഡിൽ ഷൂട്ടിംഗ് തുടങ്ങി പൂർത്തിയാക്കിയ ആദ്യ ചിത്രം എന്ന പ്രത്യേകതയാണ് ചിത്രം നേടിയത്. മലയാളികൾക്ക് അഭിമാനമായ രാജീവ്‌ രവിയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി ലോകത്തെ നിശ്ചലമാക്കിയപ്പോൾ എല്ലാ മേഖലയും പോലെ തന്നെ ചലച്ചിത്രമേഖലയും മുന്നോട്ടുള്ള യാത്രയിൽ നിശ്ചലമായിരിന്നു.

മാർച്ച് മാസം മുതൽ തിയേറ്ററുകളും, ചിത്രീകരണവും, പോസ്റ്റ് പ്രൊഡക്ഷനും എല്ലാം നിലച്ചു. നിയന്ത്രണങ്ങളോടെ ഉള്ള ചിത്രീകരണത്തിന് അനുമതി ലഭിച്ചെങ്കിലും സിനിമ മേഖല നേരത്തെ പോലെ ആയില്ല. എന്നാൽ അക്ഷയ് കുമാർ നായകനാകുന്ന ബോളിവുഡ് ചിത്രം ബെൽബോട്ടം എന്ന ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുന്നത് പുതിയൊരു റെക്കോർഡുമായാണ്. സിനിമാ മേഖല നിശ്ചലമായ കോറോണ കാലത്ത് ചിത്രീകരണം തുടങ്ങി പൂർത്തിയാക്കിയ ആദ്യ സിനിമ എന്ന ഖ്യാതിയാണ് ബെൽബോട്ടം നേടിയിരിക്കുന്നത്.

കൊറോണക്കാലത്ത് പൂർത്തിയാക്കിയ ലോകത്തെ തന്നെ ആദ്യ ചിത്രമാണ് ബെൽബോട്ടം എന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. സ്കോട്ട്ലാൻഡിൽ അവസാന ഷെഡ്യൂൾ പൂർത്തിയായതോടെയാണ് ചിത്രം പാക്കപ്പ് ആയത്. ലക്നൗ സെൻട്രൽ എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് എം തിവാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറിനൊപ്പം വാണി കപൂർ, ലാറ ദത്ത, ഹുമ ഖുറേഷി എന്നിവർ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കും. വാശു ഭഗ്നാനി,ജാക്കി ഭഗ്നാനി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അടുത്ത വർഷം ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ നീക്കം.

 

നായകൻ അക്ഷയ് കുമാർ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വാർത്തയും ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഒറ്റയ്ക്ക് കുറച്ചു മാത്രമാണ് ചെയ്യാനാകുന്നതെങ്കിൽ ഒന്നിച്ചാൽ ഒത്തിരി ചെയ്യാൻ സാധിക്കുമെന്നാണ് പോസ്റ്റിനൊപ്പം ഉള്ള അക്ഷയ കുമാറിന്റെ വാക്കുകൾ.

Top